ഭണ്ഡാരം സജീഷ് പോലീസ് പിടിയില്‍; പല ജില്ലകളില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയത് നൂറിലധികം മോഷണങ്ങള്‍
കോഴിക്കോട്: ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിയ അമ്പലമോഷ്ടാവ് പിടിയില്‍. എടപ്പാള്‍ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (44) എന്ന ഭണ്ഡാരം സജീഷാണ് പിടിയിലായത്. വയനാട് പോലീസിന്റെ സഹായത്തോടെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ അഷ്റഫ് തെങ്ങലിക്കണ്ടിയുടെ നേതൃത്വത്തിലുള്ള എലത്തൂര്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതീക്ഷേത്രം, അങ്കക്കളരി ഭഗവതീക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ 12-ന് പൂളാടിക്കുന്ന് കല്ലിടുക്കില്‍ ഭഗവതീക്ഷേത്രം, മാട്ടുപ്പിലാവില്‍ ഭഗവതീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ ആള്‍തന്നെയാണ് കവര്‍ച്ചനടത്തിയതെന്ന് സി.സി. ടി.വി. ദൃശ്യങ്ങളില്‍നിന്ന് മനസ്സിലായി. ഒപ്പം ശാസ്ത്രീയതെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ കളവുനടത്തിയത് സജീഷാണെന്ന് ഉറപ്പിക്കുകയായിരുന്നു.
അന്വേഷണത്തില്‍ പ്രതി മൈസൂരുവിലേക്ക് കടന്നതായി മനസ്സിലാക്കിയ ക്രൈം സ്‌ക്വാഡ് വിവരം വയനാട് പോലീസിന് കൈമാറി. പിന്നാലെയാണ് ഇയാള്‍ പിടിയിലായത്.
പ്രതിക്ക് തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം, പേരമംഗലം, എരുമപ്പെട്ടി, വടക്കേക്കാട്, പാലക്കാട് ജില്ലയിലെ തൃത്താല, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, തേഞ്ഞിപ്പലം, തിരൂരങ്ങാടി, പൊന്നാനി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മെഡിക്കല്‍ കോളേജ്, നല്ലളം, ചേവായൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ സജീഷിന്റെപേരില്‍ നിലവില്‍ കേസുകളുണ്ട്.