ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിക്കാനൊരുങ്ങി ബെവ്കോ

 
Bevco

തിരുവനന്തപുരം: മദ്യപാനത്തിന് ശേഷം കുപ്പികൾ എന്തുചെയ്യുമെന്ന ആശങ്ക ഇനി വേണ്ട. ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിക്കാൻ ഔട്ലെറ്റുകൾ തോറും ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ബിവറേജസ് കോർപറേഷൻ. കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാനാണ് ആലോചിക്കുന്നത്. പ്രാഥമിക ചർച്ചകൾ പൂർത്തിയായി.

ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിക്കാൻ ഔട്ലെറ്റിന് സമീപം ബോട്ടിൽ ബൂത്തുകൾ ഒരുക്കും. പ്ലാസ്റ്റിക് കുപ്പികളാണ് ശേഖരിക്കുക. മദ്യം വാങ്ങാൻ വരുമ്പോൾ ഒഴിഞ്ഞ കുപ്പികൾ അതിൽ നിക്ഷേപിക്കാം. നിറയുന്നതിനനുസരിച്ച് ആഴ്ചയിലോ മാസത്തിലോ ക്ലീൻ കേരള കമ്പനി ഇവ നീക്കം ചെയ്യും. ക്ലീൻ കേരള കമ്പനിക്ക് എല്ലാ ജില്ലകളിലും ഓഫീസും ഗോഡൗണും ഉണ്ട്. 65 ഏജൻസികളുമായി കമ്പനിക്ക് കരാറുള്ളതിനാൽ ബോട്ടിലുകൾ നീക്കം ചെയ്യാൻ പ്രയാസമുണ്ടാകില്ല. കുപ്പി നിക്ഷേപിക്കുന്നവർക്ക് പാരിതോഷികം നൽകാനാകുമോയെന്ന കാര്യവും പരിഗണനയിലുണ്ട്.

2020ൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ ജില്ലകളിൽ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പക്ഷെ കോവിഡ് കാരണം പദ്ധതി അവസാനിപ്പിക്കേണ്ടതായി വന്നു. ഇത് വലിയ രീതിയിൽ പുനരാരംഭിക്കുകയാണ് ലക്ഷ്യം. 284 ഔട്ലെറ്റുകളിൽ നിന്നായി ഏകദേശം 5 കോടി രൂപയുടെ മദ്യമാണ് പ്ലാസ്റ്റിക് ബോട്ടിൽ വഴി ബെവ്‌കോ വിൽക്കുന്നത്.

പദ്ധതി സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം ഉണ്ടാകും. സംസ്ഥാനത്തെ എല്ലാ ഔട്ലെറ്റുകളിലും സൗകര്യം ഒരുങ്ങും. ബോട്ടിലുകൾ നീക്കം ചെയ്യാൻ നിശ്ചിത തുക ബെവ്‌കോ നൽകേണ്ടി വരും. തുടർചർച്ചകളിൽ ഇതിൽ തീരുമാനമാകും. പദ്ധതി സംബന്ധിച്ച് ഒരുമാസത്തിനകം തീരുമാനമാകും.

Tags

Share this story

From Around the Web