ബെംഗളൂരു - കോഴിക്കോട് യാത്രക്കാര്‍ക്ക് പ്രധാന മുന്നറിയിപ്പ്; കെഎസ്ആര്‍ടിസി ബസ് സമയത്തിലും റൂട്ടിലും വന്‍ മാറ്റങ്ങള്‍!യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങള്‍

 
swift ksrtc



ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കേരള ആര്‍.ടി.സി. ബസുകളുടെ സമയത്തിലും റൂട്ടുകളിലും പുതിയ മാറ്റങ്ങള്‍ വരുത്തി. ബന്ദിപ്പൂര്‍ വനപാത വഴിയുള്ള എസി ഗരുഡ പ്രീമിയം ഉള്‍പ്പെടെയുള്ള സര്‍വീസുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങള്‍.

പുതിയ സമയക്രമപ്രകാരം, എസി ഗരുഡ പ്രീമിയം ബസ് രാത്രി 8.01-ന് സാറ്റലൈറ്റ് ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട് (നേരത്തെ 10.26 ആയിരുന്നു) മൈസൂരു, ബത്തേരി, കല്‍പറ്റ, താമരശേരി വഴി വെളുപ്പിന് 3.51-ന് കോഴിക്കോട്ടെത്തും. മടക്ക സര്‍വീസിന് മാറ്റമില്ല, രാവിലെ 8.25-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് വൈകിട്ട് 4.25-ന് ബെംഗളൂരുവിലെത്തും. ഇതിനുപുറമേ ബന്ദിപ്പൂര്‍ വഴി രാത്രി 10.26-ന് മറ്റൊരു എസി ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. ഇത് പുലര്‍ച്ചെ 5.21-ന് കോഴിക്കോട്ടെത്തും.


കൂടാതെ ചില സര്‍വീസുകളുടെ റൂട്ടുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി 8 മണിക്ക് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ഇനി മുതല്‍ മാനന്തവാടി വഴി സര്‍വീസ് നടത്തും. വൈകിട്ട് 7 മണിക്കുള്ള എസി സീറ്ററിന് പകരം ഡീലക്‌സ് ബസും, രാത്രി 9.25-ലെ ഡീലക്‌സിന് പകരം എസി സീറ്ററും സര്‍വീസ് നടത്തുന്നതാണ്. പീനിയ, ശാന്തിനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ ഡീലക്‌സ്, എസി സര്‍വീസുകളുടെ സമയത്തിലും മാറ്റങ്ങളുണ്ട്. ടിക്കറ്റുകള്‍ onlineksrtcswift.com വഴിയോ 9447071021 എന്ന വാട്‌സാപ്പ് നമ്പര്‍ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്.

ഇതിനുപുറമേ, കോഴിക്കോട് നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള കര്‍ണാടക ആര്‍.ടി.സി. ഫ്‌ലൈ ബസ് സര്‍വീസിന്റെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ സമയമനുസരിച്ച് വൈകിട്ട് 5 മണിക്ക് (നേരത്തെ രാത്രി 7.30 ആയിരുന്നു) കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ്, കല്‍പറ്റ, മാനന്തവാടി, മൈസൂരു വഴി പുലര്‍ച്ചെ 4 മണിക്ക് വിമാനത്താവളത്തിലെത്തും. കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകളുടെ സമയം കണക്കിലെടുത്താണ് ഈ മാറ്റമെന്ന് അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web