ബെംഗളൂരു - എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ; ഓണയാത്രക്കാർക്ക് ഇരട്ടി ആശ്വാസം
തിരുവനന്തപുരം: ഐ.ടി നഗരമായ ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ കടുത്ത തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന് 16 കോച്ചുകളുള്ള പുതിയ അത്യാധുനിക ട്രെയിൻ അനുവദിച്ച് റെയിൽവേ ബോർഡ് ഉത്തരവായി. അടുത്തയാഴ്ച മുതൽ പുതിയ 16 കോച്ചുകളുള്ള റെയ്ക്ക് സർവീസ് ആരംഭിക്കും. നിലവിൽ വെറും 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിൻ പിൻവലിച്ചാണ് റെയിൽവേ യാത്രക്കാർക്കായി പുതിയ വലിയ ട്രെയിൻ അനുവദിച്ചിരിക്കുന്നത്.
ഈതീരുമാനത്തിലൂടെ നിലവിലുള്ള സീറ്റിംഗ് കപ്പാസിറ്റി 530-ൽ നിന്നും 1128 ആയി കുത്തനെ ഉയരും. ഇത് ഓണാഘോഷങ്ങൾക്കായി നാട്ടിലേക്ക് വരാനും തിരികെ പോകാനും ടിക്കറ്റിനായി നെട്ടോട്ടമോടുന്ന മലയാളി യാത്രക്കാർക്ക് വലിയ തോതിൽ ആശ്വാസം പകരും.
മലയാളി യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഈ റൂട്ടിൽ നിലവിലുള്ളത്. വരാനിരിക്കുന്ന ഓണാവധി പ്രമാണിച്ച് ഓഗസ്റ്റ് 21, 22 തീയതികളിൽ ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള വന്ദേ ഭാരത് ചെയർകാർ ടിക്കറ്റുകളുടെ വെയ്റ്റിംഗ് ലിസ്റ്റ് (Waiting List) ഇതിനകം തന്നെ നൂറിന് മുകളിലാണ്. മാത്രമല്ല, ഓഗസ്റ്റ് 29 മുതൽ 31 വരെയുള്ള തീയതികളിൽ ബെംഗളൂരുവിലേക്ക് ഒരു കൺഫേംഡ് ടിക്കറ്റ് പോലും നിലവിൽ ലഭ്യവുമല്ല. കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ യാത്രക്കാർക്ക് വരുംദിവസങ്ങളിൽ കൺഫേംഡ് ടിക്കറ്റുകളോടെ യാത്ര ചെയ്യാൻ സാധിക്കും.