ചായ കുടിയില്‍ ബെംഗളൂരു മുന്നില്‍. ചായ വിപണിയില്‍ അതിവേഗം വളരുന്നത് കൊച്ചിയും തിരുവനന്തപുരവും
ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ചായ കുടിക്കുന്ന നഗരം ബെംഗളൂരുവാണ്. മുംബൈയും ഹൈദരാബാദുമാണ് തൊട്ടുപിന്നിലുള്ളത്.
ഇന്‍സ്റ്റാമാര്‍ട്ട് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ചായ ഉപഭോഗത്തില്‍ മുന്നിലുള്ള നഗരങ്ങളുടെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 130 നഗരങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍.
എന്നാല്‍, ചായ കുടിക്കാരുടെ എണ്ണം ഏറ്റവും വേഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന നഗരങ്ങള്‍ കേരളത്തില്‍ നിന്നാണ്.
കൊച്ചിയും തിരുവനന്തപുരവുമാണ് ഈ പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത്. വലിയ വെല്ലുവിളിയുമായി ഭുവനേശ്വറും ഈ പട്ടികയില്‍ ഒപ്പമുണ്ട്.
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന 'തേയില നഗരം' ഭുവനേശ്വര്‍ ആണെങ്കില്‍, ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികള്‍ കൊച്ചിയും തിരുവനന്തപുരവുമാണ്.
രുചിവൈവിധ്യങ്ങളുള്ള കഫേകളുടെ സാന്നിധ്യവും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരവുമാണ് ബെംഗളൂരുവിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നത്.
ഇഞ്ചി ചായ, കട്ടന്‍ ചായ, ഏലയ്ക്കാ ചായ, ഗ്രീന്‍ ടീ, മസാല ചായ എന്നിവയ്ക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ പ്രിയമേറുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.