പരിശുദ്ധന്മാര്‍ കാട്ടിത്തന്ന സഹനമാണ് വിശ്വാസികള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടത് : ശ്രേഷ്ഠ കാതോലിക്ക ബാവ

​​​​​​​

 
catholica bava


മൂവാറ്റുപുഴ : റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളിയില്‍ ഹിദായത്തുള്ള മോര്‍ ഈവാനിയോസ് ബാവയുടെ 331-ാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്‌നേഹോജ്ജ്വലമായ സ്വീകരണം നല്‍കി. 


പള്ളി സ്ഥാപക പിതാവായ ഹിദായത്തുള്ള മോര്‍ ഈവാനിയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളിന് ശ്രേഷ്ഠ ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. 

പരിശുദ്ധ പിതാക്കന്മാര്‍ തങ്ങളുടെ ജീവിതത്തിലൂടെ കാട്ടിത്തന്ന സഹനമാണ് ക്രൈസ്തവ വിശ്വാസികള്‍ വ്യക്തി ജീവിതങ്ങളില്‍ പകര്‍ത്തേണ്ടതെന്ന് ശ്രേഷ്ഠ ബാവ ഉദ്‌ബോധിപ്പിച്ചു. ജീവിതത്തില്‍ കൂടുതല്‍ സഹനങ്ങളിലൂടെ കടന്നു പോകുമ്പോളാണ് നാം ദൈവത്തിന് കൂടുതല്‍ പ്രിയങ്കരരാകുന്നത്.


 പരിശുദ്ധ പിതാക്കന്മാരുടെ ജീവിതം എപ്പോഴും സഹനത്തില്‍ അധിഷ്ഠിതമായിരുന്നു. ലോക സുഖങ്ങളെ ത്യജിച്ച് ദൈവത്തിനു പ്രീതികരനായിത്തീരുവാന്‍ പരിശുദ്ധ പിതാക്കന്മാര്‍ തങ്ങളുടെ ജീവിതത്തെ കൂടുതല്‍ സഹന പൂര്‍ണമാക്കുകയായിരുന്നു. 

ദൈവത്തെ സ്വന്തമാക്കാന്‍ ക്രൈസ്തവ വിശ്വാസിയുടെ ജീവിതത്തിലും ഇത്തരം സഹനങ്ങള്‍ അനിവാര്യമാണ്. സ്വന്തം നാടും ഉറ്റവരെയും ഉപേക്ഷിച്ച് കഷ്ടതകളും പ്രയാസങ്ങളും അനുഭവിച്ച് മലങ്കരയില്‍ എഴുന്നള്ളി വന്ന പിതാക്കന്മാരുടെ സമര്‍പ്പിതമായ ശുശ്രൂഷകളും പ്രാര്‍ത്ഥനയുമാണ് സഭയ്ക്ക് ജീവശ്വാസം നല്‍കിയതെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. 

പുണ്യ പിതാവായ ഹിദായത്തുള്ള മോര്‍ ഈവാനിയോസ് ബാവ, മലങ്കര സഭയുടെ കലുഷിത ഘട്ടത്തില്‍ ശീമയില്‍ നിന്ന് പരിശുദ്ധ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവായൊടൊപ്പം എഴുന്നള്ളി വന്ന് ഈ മണ്ണില്‍ സത്യ വിശ്വാസത്തെ സംരക്ഷിക്കുകയും പുനസ്ഥാപിക്കുകയും ചെയ്തു. 

ഹ്രസ്വ കാലമാണ് ബാവ മലങ്കരയില്‍ സേവനം അനുഷ്ഠിച്ചതെങ്കിലും അത് ദീര്‍ഘ വീഷണത്തോടു കൂടിയ പ്രവര്‍ത്തനമായിരുന്നു. ഹിദായത്തുള്ള ബാവായുടെ സത്യ വിശ്വാസ പോരാട്ടത്തെ കുറിച്ച് ശ്രേഷ്ഠ ബാവ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.


 പരിശുദ്ധ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവ കാലം ചെയ്ത ശേഷം ബാവ പറഞ്ഞ വാക്കുകള്‍ അക്ഷരം പ്രതി ഹിദായത്തുള്ള ബാവ പാലിച്ചുവെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധന്മാരുടെ ജീവിത വഴികള്‍ സാംശീകരിച്ചുകൊണ്ട് ജീവിതത്തില്‍ വിശുദ്ധിയും നന്മയും പ്രാപിക്കുവാനും മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശം പരത്തുവാനും സാധിക്കണമെന്നും പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബാവ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

എസ്. എസ്.എല്‍.സി., സണ്‍ഡേ സ്‌കൂള്‍ ജെ.എസ്.എസ്.എല്‍.സി. പരീക്ഷകള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അഭിവന്ദ്യ മോര്‍ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത അവാര്‍ഡുകള്‍ നല്‍കി. വിശ്വാസികള്‍ സമൂഹത്തിന് സാക്ഷ്യം ഉള്ളവരായിരിക്കണം എന്ന് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. 

വികാരി ഫാ. എല്‍ദോസ് മോളേക്കുടിയില്‍, സഹ വികാരി ഫാ. ബേസി പതിയാരത്തുപറമ്പില്‍, ട്രസ്റ്റിമാരായ ഐസണ്‍ സി. വര്‍ഗീസ് ചെറുകടക്കുടിയില്‍, സുജിത്ത് പൗലോസ് ആറ്റൂര്‍, ഭരണസമിതി അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags

Share this story

From Around the Web