ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ അഞ്ചാമത് ബിരുദ സമർപ്പണ ചടങ്ങ് നടന്നു
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ അഞ്ചാമത് ബിരുദ സമർപ്പണ ചടങ്ങ് പ്രൗഢഗംഭീരമായി സംഘടിപ്പിക്കപ്പെട്ടു.
2020 ബാച്ചിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ബിരുദ സമർപ്പണ ചടങ്ങിൽ ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദ സമർപ്പണ സന്ദേശം നൽകി.
കേരളത്തിൻ്റെ ആരോഗ്യ മേഖലയെ ഉയരങ്ങളിൽ എത്തിച്ചതിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സമർപ്പണ ബോധവും അറിവുമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ബിരുദം നേടി മെഡിക്കൽ സേവന രംഗത്തിറങ്ങുന്ന ഡോക്‌ടർമാർക്ക് അഗാധമായ സഹാനുഭൂതിയും ഉത്തരവാദിത്ത ബോധവും ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു.
വേദിയിൽ വച്ച് അദ്ദേഹം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്തയെ ഓപ്പറേഷൻ തൂഫാൻ വാരിയറായി പ്രഖ്യാപിക്കുകയും ബാഡ്ജ് നൽകുകയും ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞ സദസ്സിന് ചൊല്ലിക്കൊടുക്കുകയും ചെയ്തു.
തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ ബിരുദ്ധാരികൾക്ക് ആശംസകൾ അറിയിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അജിത്ത് വി ഐപിഎസ് ചടങ്ങിൽ വിശിഷ്‌ടസാന്നിധ്യമായി.
കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്റുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ മുഖ്യാതിഥികളെയും മറ്റ് വിശിഷ്ട വ്യക്തികളെയും സദസ്സിന് മുന്നിൽ അവതരിപ്പിക്കുകയും ഓപ്പറേഷൻ തൂഫാന് ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെയും സഭാസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജീവനക്കാരുടെയും ഐക്യദാർഢ്യം ആഭ്യന്തര മന്ത്രിയെ അറിയിക്കുകയും ചെയ്തു.
ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര ചടങ്ങിന് സ്വാഗതം ആശംസിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. എലിസബത്ത് ജോസഫ് ബിരുദധാരികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
2020 ബാച്ചിനെ പ്രതിനിധീകരിച്ച് ഡോ. അനൈന റൂത്ത് രാജൻ നന്ദി രേഖപ്പെടുത്തി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ മെഡിക്കൽ അധ്യാപകരും ഡോക്‌ടർമാരും അഡ്‌മിനിസ്‌ട്രേറ്റീവ്, ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
വേദിയിലെ പ്രമുഖ വ്യക്തികൾ ബിരുദധാരികൾക്കുള്ള ഔദ്യോഗിക ബിരുദസമർപ്പണം നിർവഹിച്ചു. തുടർന്ന് ആരോഗ്യപരിപാലന മേഖലയിലെ സമർപ്പണത്തിന്റെ പ്രതീകമായി പരമ്പരാഗത മെഴുകുതിരി തെളിക്കൽ ചടങ്ങും (Candle Lighting Ceremony) നടന്നു.
പഠനമേഖലയിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പുരസ്കാരങ്ങൾ ചടങ്ങിൽ വച്ച് വിതരണം ചെയ്തു.