ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി ആവിഷ്‌കരിച്ച 'അമി' പദ്ധതി ഉദ്ഘാടനം ചെയ്തു
തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ത്രീകളുടെ സമഗ്ര ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്‌കരിച്ച ' അമി - ഫോര്‍ ദി വുമണ്‍ ഇന്‍ യു' (AAMI - For the Woman in You) എന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. സ്ത്രീകളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സുരക്ഷിതവും സ്വകാര്യത ഉറപ്പുനല്‍കുന്നതുമായ പരിചരണം ഉറപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
വനിതാ ആരോഗ്യ പരിപാലന രംഗത്ത് അമി പദ്ധതി ഒരു വലിയ നാഴികക്കല്ലാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി സൂചിപ്പിച്ചു. അത്യാഹിത ഘട്ടങ്ങളില്‍ പെട്ടെന്ന് വൈദ്യസഹായം എത്തിക്കുന്നതിനായി ബിലീവേഴ്‌സ് ആശുപത്രി പുതുതായി ആരംഭിച്ച 'ബൈക്ക് ആംബുലന്‍സ് സേവനത്തിന്റെ' ഫ്‌ലാഗ് ഓഫ് കര്‍മ്മവും കെ. മുരളീധരന്‍ നിര്‍വ്വഹിച്ചു.
തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ് മാമ്മന്‍ അധ്യക്ഷനായിരുന്നു. കേരളാ ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ബിലീവേഴ്‌സ് ആശുപത്രി മാനേജിംഗ് ഡയറക്ടറും റവ. ഫാ. സിജോ പന്തപ്പള്ളില്‍ സ്വാഗതം ആശംസിച്ചു.
പ്രശസ്ത ചലച്ചിത്ര താരം വീണ നന്ദകുമാര്‍ അമി പദ്ധതിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ വീഡിയോ പ്രകാശനം നിര്‍വഹിച്ചു.
കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, പ്രതിരോധശേഷി, മാനസിക ആരോഗ്യം, മെനോപോസിന് ശേഷമുള്ള ശാരീരികാവസ്ഥ, സ്തനാര്‍ബുദ പരിശോധനയും ചികിത്സയും എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ സേവനങ്ങളാണ് അമി പദ്ധതിക്ക് കീഴില്‍ ഒരുക്കിയിട്ടുള്ളത്. സ്താര്‍ബുദ നിര്‍ണയത്തിനും ചികിത്സാ ആസൂത്രണത്തിനുമായി അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ' അമി കോംപ്രിഹെന്‍സീവ് ബ്രെസ്റ്റ് ക്ലിനിക്കും ഇതോടൊപ്പം പ്രവര്‍ത്തനമാരംഭിക്കും. വനിതാ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സമഗ്രവും സുരക്ഷിതവുമായ മെഡിക്കല്‍ സേവനങ്ങളാണ് ബിലീവേഴ്‌സ് ആശുപത്രിയില്‍ ലഭ്യമാക്കുന്നത്. അമി എന്നാല്‍ ബംഗാളി ഭാഷയില്‍ ഞാന്‍ എന്നാണ് അര്‍ഥം. അമി പദ്ധതിയുടെ ആമുഖം ബ്രെസ്റ്റ് ആന്റ് എന്‍ഡോക്രൈന്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ അരുണിമാ പൗലോസ് അവതരിപ്പിച്ചു. ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും അതിവേഗം പ്രാഥമിക ശുശ്രൂഷ എത്തിക്കാന്‍ സഹായിക്കുന്ന ബൈക്ക് ആംബുലന്‍സ് സേവനത്തെക്കുറിച്ച് എമര്‍ജന്‍സി വിഭാഗം കണ്‍സള്‍ട്ടന്റ് സിസ്റ്റര്‍ ഡോ ജോബി ജോസ് വിശദീകരിച്ചു. ഡപ്യൂട്ടി ഡയറക്ടറും എമര്‍ജന്‍സി വിഭാഗം മേധാവിയുമായ ഡോ ഷമ്മി ഡഗ്ലസ് ലാമ്പെര്‍ട്ട്, റവ ഫാ തോമസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.