ക്ഷയരോഗമെന്ന് സംശയിച്ച ആറുവയസ്സുകാരന് രക്ഷയായത് കൃത്യമായ രോഗനിർണയം: പൂച്ച മാന്തിയതിലൂടെ പകരുന്ന അപൂർവ രോഗം ഭേദമാക്കി തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി

 
 cat scratch desease.jpg 0.5

​തിരുവല്ല: ക്ഷയരോഗമാണെന്ന് (ടിബി) സംശയിച്ച ആറുവയസ്സുകാരനെ ബാധിച്ചത് പൂച്ച മാന്തിയതിലൂടെ പകരുന്ന അപൂർവ രോഗമാണെന്ന് കണ്ടെത്തി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി ചികിത്സിച്ചു ഭേദമാക്കി.

കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനയിലാണ് 'ക്യാറ്റ് സ്ക്രാച്ച് ഡിസീസ്' (Cat Scratch Disease - Bartonella henselae) എന്ന് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ കുട്ടികളിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഈ രോഗത്തിന് കാരണമായത് ആഴ്ചകൾക്ക് മുൻപ് തെരുവിൽ നിന്ന് കിട്ടിയ പൂച്ചക്കുട്ടിയുമായി കളിക്കുന്നതിനിടെ കുട്ടിക്കേറ്റ മാന്തലാണ്.

​തുടർച്ചയായി 22 ദിവസം നീണ്ടുനിന്ന കടുത്ത പനിയുമായാണ് കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ കരളിലും പ്ലീഹയിലും കക്ഷത്തിലെ കഴലകളിലും പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തി.

പ്രാഥമിക പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ക്ഷയരോഗമാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ടിബിക്കുള്ള കടുത്ത മരുന്നുകൾ ആരംഭിക്കുന്നതിന് മുൻപായി രോഗം പൂർണമായി ഉറപ്പാക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് കക്ഷത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ബയോപ്സിക്കും പിസിആർ (PCR) പരിശോധനയ്ക്കും വിധേയമാക്കിയതോടെയാണ് രോഗം ടിബിയല്ലെന്നും 'ക്യാറ്റ് സ്ക്രാച്ച് ഡിസീസ്' ആണെന്നും വ്യക്തമായത്.

​രോഗനിർണയം കൃത്യമായതോടെ ക്ഷയരോഗത്തിനുള്ള മരുന്നുകൾ ഒഴിവാക്കി ഈ അണുബാധയ്ക്കുള്ള പ്രത്യേക ചികിത്സ ആരംഭിച്ചു. പത്തു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ കുട്ടിയുടെ പനി, പ്രത്യേക മരുന്നുകൾ തുടങ്ങി 14-ാം ദിവസത്തോടെ പൂർണമായും മാറി. ആകെ 36 ദിവസമാണ് കുട്ടിക്ക് തുടർച്ചയായി പനിയുണ്ടായിരുന്നത്.

​പീഡിയാട്രിക് വിഭാഗത്തിലെ ഡോ. ജിജോ ജോസഫ് ജോൺ, ഡോ. അനീഷ് അബി ബ്രിലിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം, ഇൻഫെക്‌ഷ്യസ് ഡിസീസ് വിഭാഗത്തിലെ ഡോ. ഭരതൻ സോമു, പീഡിയാട്രിക് സർജറിയിലെ ഡോ. കോരുത് വി. സാമുവൽ, പത്തോളജി വിഭാഗത്തിലെ ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം, റേഡിയോളജി വിഭാഗത്തിലെ ഡോ. അശോക് സി. ബാബു എന്നിവരടങ്ങുന്ന വിദഗ്ധ ഡോക്ടർമാരുടെ കൂട്ടായ പരിശ്രമമാണ് രോഗനിർണയത്തിലും ചികിത്സയിലും നിർണായകമായത്.

ക്ഷയരോഗത്തിന് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന ഇത്തരം അപൂർവ രോഗങ്ങൾ ഉള്ളതിനാൽ തിടുക്കപ്പെട്ട് മരുന്നുകൾ ആരംഭിക്കാതെ കൃത്യമായ പരിശോധന അത്യാവശ്യമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

തെരുവുമൃഗങ്ങളെയോ വളർത്തുമൃഗങ്ങളെയോ ഓമനിക്കുമ്പോൾ കുട്ടികൾക്ക് കടിയോ മാന്തോ ഏൽക്കാതെ ശ്രദ്ധിക്കണമെന്നും, മൃഗങ്ങളുമായി സമ്പർക്കത്തിൽ വന്നാൽ ഉടൻ കൈകൾ സോപ്പിട്ട് കഴുകണമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags

Share this story

From Around the Web