മൂന്ന് വയസ്സുകാരൻ വിഴുങ്ങിയ 25 സെന്റിമീറ്റർ നീളമുള്ള സ്വർണ്ണമാല ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്ത് ബിലീവേഴ്സ് ആശുപത്രി

 
 believers church medical college medical team.jpg 0.7

തിരുവല്ല: കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ വിഴുങ്ങിയ 25 സെന്റിമീറ്റർ നീളമുള്ള സ്വർണ്ണമാല എന്റോസ്കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു.

ചങ്ങനാശ്ശേരി സ്വദേശിയായ മൂന്ന് വയസ്സുള്ള കുട്ടിയാണ് രാത്രി ഒൻപത് മണിയോടെ അബദ്ധത്തിൽ സ്വർണ്ണമാല വിഴുങ്ങിയത്. 

മാല ആദ്യം കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയെങ്കിലും, വീട്ടുകാർ ഉടൻ തന്നെ 'ഹൈംലിക്ക് മാനുവർ' (Heimlich Maneuver) പ്രഥമശുശ്രൂഷ നൽകിയതിനെത്തുടർന്ന് വയറ്റിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. 

തുടർന്ന് കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി രാത്രി 12 മണിയോടെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. 

കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന സാഹചര്യത്തിൽ ആശുപത്രിയിലെ എമർജൻസി വിഭാഗവും മറ്റ് വിദഗ്ദ്ധ മെഡിക്കൽ വകുപ്പുകളും ഉണർന്നു പ്രവർത്തിച്ചു.

believers church hospital treatement

പുലർച്ചെ 2 മണിയോടെ പീഡിയാട്രിക് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. അനീഷ് ജോർജ് പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം 'റോത്ത് നെറ്റ്' (Roth Net) സാങ്കേതികവിദ്യ ഉപയോഗിച്ച് അതീവസങ്കീർണ്ണമായ പ്രക്രിയയിലൂടെ, ശസ്ത്രക്രിയ കൂടാതെ എന്റോസ്കോപ്പി വഴി മാല പൂർണ്ണമായും പുറത്തെടുത്തു. 

ഒരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ സങ്കീർണ്ണതകളോ ഇല്ലാതെയാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. തീർത്തും ആരോഗ്യവാനായ കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. 

അതിവേഗത്തിലും കൃത്യതയോടും കൂടി പ്രവർത്തിച്ച മെഡിക്കൽ സംഘത്തിൽ എമർജൻസി, പീഡിയാട്രിക്സ്, ഗ്യാസ്ട്രോഎൻട്രോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരും എന്റോസ്കോപ്പി, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളിലെ നഴ്സുമാരും ടെക്നീഷ്യന്മാരും ഉൾപ്പെടുന്നു.

കൃത്യസമയത്തുള്ള മികച്ച ഇടപെടലിലൂടെ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ ബിലീവേഴ്സ് ആശുപത്രി അധികൃതർ സന്തോഷം പ്രകടിപ്പിച്ചു.

Tags

Share this story

From Around the Web