ഗ്യാസ്ട്രോഎന്ററോളജി ചികിത്സാരംഗത്ത് ചരിത്രനേട്ടവുമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി
തിരുവല്ല: മധ്യതിരുവിതാംകൂറിലെ ആരോഗ്യമേഖലയിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ട് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാധുനിക 'ഇ.യു.എസ് - ആർ.എഫ്.എ' (Endoscopic Ultrasound-Guided Radiofrequency Ablation) ചികിത്സ വിജയകരമായി പൂർത്തിയാക്കി.
ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. ദീപക് ജോൺസന്റെയും CeAGE (Centre for Advanced GI Endoscopy) സംഘത്തിന്റെയും നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
കൊച്ചിക്ക് പുറത്ത് ഇത്തരമൊരു അത്യാധുനിക എൻഡോസ്കോപ്പിക് ചികിത്സാ രീതി ആദ്യമായാണ് വിജയകരമായി നിർവഹിക്കുന്നത് എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
ഗ്യാസ്ട്രോ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരും എൻഡോസ്കോപ്പി നഴ്സുമാരും ടെക്നീഷ്യന്മാരും അടങ്ങിയ സംഘമാണ് പ്രസ്തുത പ്രൊസീജിയർ നടത്തിയത്.
50 വയസ്സ് പ്രായമുള്ള സ്ത്രീയുടെ പാൻക്രിയാസ്സിൽ കണ്ടെത്തിയ 'ന്യൂറോ എൻഡോക്രൈൻ ട്യൂമർ' ആണ് തത്സമയ എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് (EUS) മാർഗ്ഗനിർദ്ദേശത്തോടെയുള്ള റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ വഴി വിജയകരമായി നീക്കം ചെയ്തത്.
പരമ്പരാഗത ശസ്ത്രക്രിയകളിലെ സങ്കീർണ്ണതകൾ ഒഴിവാക്കിക്കൊണ്ട് ട്യൂമർ കോശങ്ങളെ എൻഡോസ്കോപ്പി വഴി കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്ന മിനിമലി ഇൻവേസീവ് ചികിത്സാ രീതിയാണിത്.
രോഗിയെ യാതൊരുവിധ ശാരീരികബുദ്ധിമുട്ടുകളും ഇല്ലാതെ തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ സാധിച്ചു എന്നത് ഈ ചികിത്സാ രീതിയുടെ വലിയൊരു സവിശേഷതയാണ്.
അഡ്വാൻസ്ഡ് തെറാപ്യൂട്ടിക് എൻഡോസ്കോപ്പി രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് ബിലീവേഴ്സ് ആശുപത്രി ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്.
പാൻക്രിയാസ്, ലിംഫ് നോഡുകൾ എന്നിവയിലുണ്ടാകുന്ന മുഴകൾക്കും അതുപോലെ സീലിയാക് ഗാംഗ്ലിയൻ (Coeliac Ganglion) അധിഷ്ഠിത വേദനസംഹാരചികിത്സകൾക്കും ഏറ്റവും അനുയോജ്യവും ഫലപ്രദവുമായ ചികിത്സാ സമ്പ്രദായമാണിത്.
ഉന്നത നിലവാരത്തിലുള്ള രോഗീപരിചരണവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ബിലീവേഴ്സ് ആശുപത്രി നടത്തുന്ന നിരന്തരപരിശ്രമങ്ങളുടെ ഫലമാണ് ഡോ. ദീപക് ജോൺസന്റെയും സംഘത്തിന്റെയും ഈ വിജയമെന്ന് കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ പറഞ്ഞു.