പാമ്പുകടിയേറ്റവർക്ക് അതിവേഗ ചികിത്സ ഉറപ്പാക്കാൻ 'ബി സേഫ്' പദ്ധതിയുമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി
തിരുവല്ല: പാമ്പുകടിയേറ്റവർക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ‘Be SAFE’ (Snakebite Assessment & Fast Emergency Care) പ്രവർത്തനം ആരംഭിച്ചു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന പാമ്പുകടി മരണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച്, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു സമഗ്ര ചികിത്സാ കേന്ദ്രത്തിനാണ് ബിലീവേഴ്സ് ആശുപത്രി രൂപം നൽകിയിരിക്കുന്നത്.
പാമ്പുകടിയേറ്റാൽ ആദ്യ മണിക്കൂറുകളിൽ ലഭിക്കേണ്ട ചികിത്സ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമായതിനാലാണ് പ്രീ-ഹോസ്പിറ്റൽ കെയർ മുതൽ പുനരധിവാസം വരെയുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഈ പദ്ധതിയുടെ പ്രധാന സവിശേഷത പാമ്പുകടിയേറ്റ സ്ഥലത്തേക്ക് അടിയന്തരമായി എത്തുന്ന മൊബൈൽ ഐസിയു യൂണിറ്റാണ്. വിദഗ്ധ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന ഈ സംഘം ആംബുലൻസിൽ തന്നെ ആന്റി സ്നേക്ക് വെനം (ASV) ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുമായാണ് എത്തുന്നത്.
ഇതിലൂടെ ആശുപത്രിയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പ്രാഥമിക പരിശോധനകളും ചികിത്സയും ആരംഭിക്കാൻ സാധിക്കും. പാമ്പുകടിയേറ്റവർക്ക് നൽകുന്ന ആന്റി സ്നേക്ക് വെനം സൗജന്യമായി ലഭ്യമാക്കുമെന്നും രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലൻസ് സേവനം സൗജന്യമായിരിക്കുമെന്നും ബിലീവേഴ്സ് ആശുപത്രി അധികൃതർ അറിയിച്ചു.
എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിട്ടിക്കൽ കെയർ, ജനറൽ മെഡിസിൻ, നെഫ്രോളജി, ജനറൽ സർജറി എന്നീ വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള മൾട്ടി ഡിസിപ്ലിനറി ചികിത്സാ രീതിയാണ് ബിലീവേഴ്സ് ആശുപത്രി പിന്തുടരുന്നത്.
പാമ്പുകടിയേറ്റതിനെത്തുടർന്നുണ്ടാകാവുന്ന വൃക്കസ്തംഭനം, ഞരമ്പുകളെ ബാധിക്കുന്ന തളർച്ച, രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ തുടങ്ങിയ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ഏകോപിത പ്രവർത്തനം സഹായിക്കും.
ചികിത്സയ്ക്ക് പുറമെ, പൊതുജനങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കുമായി പ്രത്യേക ബോധവൽക്കരണ പരിപാടികളും പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും സമൂഹത്തെ ബോധവാന്മാരാക്കുന്നതിലൂടെ പാമ്പ് കടിയേറ്റുള്ള മരണം ഒഴിവാക്കുവാനാണ് ആശുപത്രി ലക്ഷ്യമിടുന്നത്.
ഇതിലൂടെ പ്രദേശത്തെ ജനങ്ങൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച അത്യാഹിത ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്ന് ബിലീവേഴ്സ് മാനേജ്‌മെന്റ് വ്യക്തമാക്കി.