ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയും യു.എസ്.എ.യിലെ ഹെന്റി ഫോര്‍ഡ് ആശുപത്രിയും ചേര്‍ന്ന് ഹീമോഫീലിയ ക്യാമ്പ് സംഘടിപ്പിച്ചു

 
belivers


തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം, അമേരിക്കയിലെ മിഷിഗണ്‍ ഡിട്രോയിറ്റിലുള്ള ഹെന്റി ഫോര്‍ഡ് ആശുപത്രിയുമായി സഹകരിച്ച് 'ഹീമോഫീലിയ ക്യാമ്പ് 2026' സംഘടിപ്പിച്ചു. 

ഹീമോഫീലിയ ബാധിതര്‍ക്ക് വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള സമഗ്ര പരിചരണം ഉറപ്പാക്കുക, രോഗത്തെക്കുറിച്ചും അതിന്റെ പരിചരണത്തെക്കുറിച്ചും പൊതുസമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്നിവയായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

അസോസ്സിയേറ്റ് ഡയറക്ടര്‍ ഡോ. ജോണ്‍ വല്യത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഏബല്‍ കെ. സാമുവല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

ഹീമോഫീലിയ പരിചരണത്തിലും ചികിത്സയിലും കൈവരിക്കേണ്ട പുരോഗതികളെക്കുറിച്ച് പ്രശസ്ത ഹെമറ്റോളജിസ്റ്റും ഓങ്കോളജിസ്റ്റും വെയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഫിലിപ്പ് കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. 

ചടങ്ങിന്റെ ഭാഗമായി നടന്ന ശാസ്ത്രീയ സെഷനില്‍, സ്ത്രീകളിലെ രക്തസ്രാവ വൈകല്യങ്ങളും അവയുടെ രോഗനിര്‍ണയവും പ്രതിരോധമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം മേധാവിയും രക്തം പ്രോഗ്രാം ഡയറക്ടറുമായ ഡോ. ചെപ്‌സി സി. ഫിലിപ്പ് ക്ലാസ്സ് നയിച്ചു. 
രോഗീസൗഹൃദ കൂട്ടായ്മകളുടെയും സാമൂഹിക പങ്കാളിത്തത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് പത്തനംതിട്ട ഹീമോഫീലിയ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് പ്രസിഡന്റ്  ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ഡോ. ബോബി എബ്രഹാം (ഡെപ്യൂട്ടി ആര്‍.എം.ഒ / ഡോ.എന്‍.ബി റെസിഡന്റ്, ക്ലിനിക്കല്‍ ഹെമറ്റോളജി) സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് ഹീമോഫീലിയ രോഗികളില്‍ ഫിസിയോതെറാപ്പിയുടെ പ്രാധാന്യത്തെക്കുറിച്ചും സന്ധികളുടെ സംരക്ഷണത്തെക്കുറിച്ചും ഫിസിയോതെറാപ്പിസ്റ്റ്  പ്രിയങ്ക ബി. ക്ലാസ് നയിച്ചു. പത്തനംതിട്ട ഹീമോഫീലിയ സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പ് സെക്രട്ടറി ബ്രൂസ് വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

സെഷനുകള്‍ക്ക് ശേഷം രോഗികള്‍ക്ക് സൗജന്യ പരിശോധനകളും ക്ലിനിക്കല്‍ ഹെമറ്റോളജി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (പി എം ആര്‍), ഫിസിയോതെറാപ്പി, ഓര്‍ത്തോപീഡിക്‌സ്, ഡെന്റല്‍, സൈക്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ മള്‍ട്ടിഡിസിപ്ലിനറി കണ്‍സള്‍ട്ടേഷനുകളും ലഭ്യമാക്കി. 

രോഗികളുടെ ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ ദൂരീകരിക്കാനും കൃത്യമായ പരിചരണം ഉറപ്പാക്കാനും ക്യാമ്പ് ഏറെ സഹായകമായി.
 

Tags

Share this story

From Around the Web