അഡ്വേഴ്സ് ഡ്രഗ് റിപ്പോർട്ടിംഗിൽ (എഡിആർ) രാജ്യത്ത് ഒന്നാമതായി ബിലീവേഴ്സ് ആശുപത്രി
തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ എ ഡി ആർ മോണിറ്ററിംഗ് സെന്റർ എഡിആർ റിപ്പോർട്ടിംഗിലും ഫാർമക്കോവിജിലൻസ് പ്രവർത്തനങ്ങളിലും വീണ്ടും മികവ് പുലർത്തി, തുടർച്ചയായ മൂന്നാം വർഷവും "രാജ്യത്തെ ഏറ്റവും മികച്ച എഡിആർ സെന്റർ" എന്ന അഭിമാനകരമായ പദവി നേടി.
ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫാർമക്കോവിജിലൻസ് പ്രോഗ്രാം ഓഫ് ഇന്ത്യയും ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷനും ചേർന്ന് നൽകുന്ന പ്രസ്തുത ബഹുമതി, ഫാർമക്കോവിജിലൻസിൽ നിലനിർത്തുന്ന പ്രവർത്തന മികവ്, നൂതനമായ സമീപനങ്ങൾ, മാതൃകാപരമായ നേതൃത്വം എന്നിവയെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കുന്നതാണ്.
എഡിആർ റിപ്പോർട്ടിംഗ് ആത്യന്തികമായി രോഗികളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും മരുന്നുകളുടെ ഉചിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് ബിലീവേഴ്സ് ആശുപത്രി ഈ ബഹുമതി കരസ്ഥമാക്കുന്നത്.
രോഗികളോടുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുകയും ഉയർന്ന ഗുണനിലവാരവും രോഗികേന്ദ്രീകൃതമായ സുരക്ഷാ രീതികളും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് ആശുപത്രി നേടിയ ഈ അംഗീകാരമെന്ന് ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.
ഫാർമകോവിജിലൻസിലെ കർശനമായ മാനദണ്ഡങ്ങൾ, എഡിആർ സാഹചര്യങ്ങളോട് വേഗത്തിലുള്ള പ്രതികരണം, ദേശീയ മരുന്ന് സുരക്ഷാ ഡാറ്റാബേസുകളിലെ ഗണ്യമായ സംഭാവനകൾ എന്നിവയെ അടയാളപ്പെടുത്തുന്നുവെന്നും ഫാർമക്കോളജി വിഭാഗവും ഫാർമകോവിജിലൻസ് സംഘവും സംയുക്തമായി നടത്തുന്ന ആധികാരിക പഠന- ഗവേഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഫാർമക്കോളജി വിഭാഗം മേധാവി പ്രൊഫ ഡോ ജേക്കബ് ജെസുറൻ, അസോ . പ്രൊഫ ഡോ സാറാ കുര്യൻ കോടിയാട്ട്, അസി പ്രൊഫ ഡോ. മനീഷ് മോഹൻ, ഡോ. ഹരികൃഷ്ണൻ എസ്, ഡോ. ആൽവി ജോസഫ്, ഡോ.അഖിൽ ജോസഫ് ഐസക് എന്നിവരാണ് ഫാർമക്കോളജി - ഫാർമകോവിജിലൻസ് സംഘത്തിൽ ഉള്ളത്.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠന കാലയളവിൽത്തന്നെ അഡ്വേഴ്സ് ഡ്രഗ് റിപ്പോർട്ടിംഗിൽ വേണ്ട മാർഗനിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകുവാൻ ഫാർമക്കോളജി വിഭാഗം മെഡിക്കൽ അധ്യാപകർ ശ്രദ്ധ പുലർത്തുന്നുണ്ട്.