ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ, കാർ - ടി തെറാപ്പി ബോധവത്കരണം: ബിലീവേഴ്സ് ആശുപത്രി സൈക്കിൾ റാലി സംഘടിപ്പിച്ചു

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ 50 കിലോമീറ്റർ ദൂരം സൈക്കിൾ റാലി സംഘടിപ്പിച്ചു.
ബിലീവേഴ്സ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗമായ രക്തം (RACTHAM - റീജിയണൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റേഷൻ, ഹെമറ്റോ ലിംഫോയിഡ് ഓങ്കോളജി ആൻഡ് മാരോ ഡിസീസസ്) ത്തിൻ്റെ ആഭിമുഖ്യത്തിൽ ബോൺ മാരോ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനും ബോൺ മാരോ ട്രാൻസ്പ്ലാൻ്റേഷനും കാർ - ടി തെറാപ്പിയും അടക്കമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് തൊട്ടരികിൽത്തന്നെയുണ്ടെന്ന സന്ദേശം നൽകുവാനുമാണ് പ്രസ്തുത സൈക്കിൾ റാലി സംഘടിപ്പിച്ചത്.
മധ്യതിരുവിതാംകൂറിൽ മേൽപ്പറഞ്ഞ അർബുദ ചികിത്സകൾ ലഭ്യമാകുന്ന അപൂർവം ട്രാൻസ്പ്ലാന്റേഷൻ കേന്ദ്രങ്ങളിൽ ഒന്നാണ് ബിലീവേഴ്സ് ആശുപത്രിയിലേത്. ഒമയ്യാറൈഡ് എന്ന് പേരിട്ടിരുന്ന സൈക്കിൾ റാലി ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ഹൃദ്രോഗ വിഭാഗം മേധാവിയുമായ ഡോ ജോൺ വല്യത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് രാവിലെ 5.30 ന് ഒമയ്യാറൈഡ് ആരംഭിച്ചു. പരിസരത്തെ പ്രമുഖ ആശുപത്രികളായ പരുമല ആശുപത്രി, കെ എം ചെറിയാൻ ആശുപത്രി, പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല മെഡിക്കൽ മിഷൻ തുടങ്ങിയ ആശുപത്രികളെ ബന്ധിപ്പിച്ച് സഞ്ചരിച്ച സൈക്കിൾ റൈഡർമാർ തിരികെ ഒൻപത് മണിയോടുകൂടി ബിലീവേഴ്സ് ആശുപത്രിയിൽ എത്തിച്ചേർന്നു.
മേൽപ്പാടം മർത്തോമാ ഇടവക വികസന സമിതി ഇടവക വികാരി റവ ഫാ റോയ് വർഗീസിൻ്റെ നേതൃത്വത്തിൽ സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്തു.
രക്തദാനം പോലെ തന്നെ ലളിതവും അപകടരഹിതവുമാണ് ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ രോഗികളുടെ ചികിത്സയ്ക്ക് പ്രയോജനപ്പെടുന്ന സ്‌റ്റെം സെൽ ദാനം.
അതിന്റെ പ്രാധാന്യം പൊതുജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാനും തെറ്റിദ്ധാരണകൾ തിരുത്തി വേണ്ട അവബോധം സമൂഹത്തിൽ സൃഷ്ടിക്കുവാനും ബോൺ മാരോ ട്രാൻസ്പ്ലാന്റേഷന് വിധേയരായ രോഗികളെ പിന്തുണയ്ക്കുവാനും കാർ - ടി തെറാപ്പി ഉൾപ്പടെയുളള ചികിത്സകളെക്കുറിച്ച് പൊതുസമൂഹത്തെ അറിയിക്കുവാനുമാണ് ബിലീവേഴ്സ് ആശുപത്രിയിലെ ബോൺ മാരോ ട്രാൻസ്പ്ലാൻ്റേഷൻ യൂണിറ്റ് അഞ്ച് വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഘട്ടത്തിൽ ഇങ്ങനെയൊരു സൈക്കിൾ റാലി സംഘടിപ്പിച്ചതെന്ന് സൈക്ലിസ്റ്റുകളെ അഭിസംബോധനചെയ്തുകൊണ്ട് ഡോ ജോൺ വല്യത്ത് പറഞ്ഞു.
ഹെമറ്റോളജി വിഭാഗം മേധാവിയും രക്തം പ്രോഗ്രാം ഡയറക്ടറുമായ ഡോ ചെപ്സി സി ഫിലിപ്പ് ബോൺ മാരോ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് ബോധവത്കരണപ്രഭാഷണം നടത്തി.
ജാപ്പനീസ് ഭാഷയിൽ നിസ്വാർത്ഥതയെയും സന്നദ്ധതയെയും സൂചിപ്പിക്കുന്ന പദമാണ് ഒമയ്യാറി. സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ, ആശുപത്രി അഡ്മിനിസ്ട്രേഷൻ ജീവനക്കാർ, മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ , പൊതുജനങ്ങൾ ഉൾപ്പെടെ 12 വയസ്സ് മുതൽ 65 വയസ്സുവരെ പ്രായമുള്ള 150 ഓളം പേർ സൈക്കിൾ റാലിയിൽ പങ്കെടുത്തു. പങ്കെടുത്ത സൈക്ലിസ്റ്റുകൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു .