ബിലീവേഴ്സ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻ്റ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ അധ്യക്ഷനായ ചടങ്ങിൽ സിനിമാതാരം സ്മിനു സിജോ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, ജെറിയാട്രിക്സ് വിഭാഗം മേധാവി ഡോ. ലിഡിയ ജേക്കബ്, ഡയറ്റെറ്റിക്സ് ആൻ്റ് ന്യൂട്രീഷൻ വിഭാഗം മേധാവി ഡോ. ജ്യോതി കൃഷ്ണ, ഫിസിയോതെറാപ്പിസ്റ്റ് ആശ ആൻ മാത്യു, ന്യൂറോളജിക്കൽ ഫിസിയോതെറാപ്പിസ്റ്റ് സ്മിത അരവിന്ദ്, സീനിയർ ഫിസിയോതെറാപ്പിസ്റ്റ് അലക്സാണ്ടർ വി ജോസഫ്, റവ ഫാ തോമസ് വർഗീസ് എന്നിവർ സംസാരിച്ചു.
പ്രായമായ ആളുകളിൽ ഫിസിയോതെറാപ്പിയുടെയും ഭക്ഷണക്രമത്തിന്റെയും പ്രാധാന്യം, പരിക്കുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിവിധ മെഡിക്കൽ വിഭാഗങ്ങളിലെ വിദഗ്ധർ ക്ലാസുകൾ നടത്തി. ബിലീവേഴ്സ് ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റുകളെ ചടങ്ങിൽ വച്ച് ആദരിച്ചു. പി എം ആർ വിഭാഗം മേധാവി ഡോ. തോമസ് മാത്യു, റീഹാബിലിറ്റേഷൻ ഡയറക്ടർ ബിജു മറ്റപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആരോഗ്യകരമായി വാർദ്ധക്യത്തെ അഭിമുഖീകരിക്കുക എന്നതായിരുന്നു ഈ വർഷത്തെ ലോക ഫിസിയോതെറാപ്പി ദിനത്തിൻ്റെ പ്രമേയം. പ്രായമായ ആളുകളിൽ വീഴ്ചകൾ ഒഴിവാക്കി പരിക്കുകൾ ഉണ്ടാക്കാതെ അവരെ ആരോഗ്യകരമായി ജീവിതം മുന്നോട്ടു നയിക്കുവാൻ പ്രാപ്തരാക്കുന്നതിനായാണ് ഈ വർഷം ഇത്തരമൊരു ആശയം പ്രചരിപ്പിക്കുന്നത്.
ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്യുന്നതിൽ ഫിസിയോതെറാപ്പിസ്റ്റുകൾ നടത്തുന്ന നിർണായകമായ ഇടപെടലുകളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആണ് 1996 മുതൽ എല്ലാ വർഷവും സെപ്റ്റംബർ എട്ടാം തീയതി ലോക ഫിസിയോതെറാപ്പി ദിനമായി ആചരിച്ചു വരുന്നത്.