ഉറങ്ങും മുൻപ്‌.........പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹന ശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍. റോമാ 12 : 12

 
prayer

ഞങ്ങളുടെ രക്ഷകനും പരിപാലകനുമായ നല്ല ദൈവമേ... ഭയമേതുമില്ല  ഞങ്ങളെ അങ്ങ് പരിപാലിക്കുന്നതിനാൽ. ആനന്ദത്തോടെ അനുദിനം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് മാത്രമാണ് നല്ല ഇടയൻ. വഴി കാട്ടും സ്നേഹിതൻ. ഞങ്ങളുടെ വഴികളിൽ പ്രകാശമായ. ഞങ്ങളുടെ കഷ്ടതകളിൽ ആലംബമായ. ഞങ്ങളുടെ മുറിവുകളിൽ സൗഖ്യമായ ദൈവമേ അങ്ങ് കൂടെയുള്ളപ്പോൾ. ഞങ്ങൾ ആരെ ഭയപ്പെടണം ഈശൊയെ... അങ്ങ് കൂടെയുള്ളതിനാൽ ഞങ്ങൾ  സന്തോഷിക്കുന്നു. ഞങ്ങളെ എന്നും ചേർത്തു നിറുത്തണേ ഈശോയെ. ഉള്ളിൽ നിന്നും ഉയരാത്ത ഒരു പ്രാർത്ഥനയും ദൈവ സന്നിധിയിൽ എത്തി ചേരുന്നില്ലല്ലോ. നാഥാ, അവിടുന്ന് ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്യണമേ. ഈശോയെ എളിമപ്പെട്ടു കൊണ്ട് പ്രാർത്ഥിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവ നാമത്തെ ഭയപ്പെടുവാനും ആ നാമത്തെ പ്രതി നന്മ ചെയ്യുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഓരോ ദിനത്തിലും ദൈവ രാജ്യത്തിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ എന്ന് മറന്നു പോകുവാൻ ഇടവരുത്തരുതേ. പിതാവേ, അവിടുത്തെ സാന്നിധ്യം സ്വർഗ്ഗത്തിലെ പോലെ തന്നെ ഈ ഭൂമിയിലും ഉണ്ടാകട്ടെ. തിന്മ നിറഞ്ഞ ഭൂമിയെ അങ്ങ് വിശുദ്ധീകരിക്കണമേ. നീതിമാന്മാരുടെ കണ്ണ് നീരിനാൽ ഈ ഭൂമി ഇനിയും നനയുവാൻ ഇടവരുത്തരുതേ. അന്നന്നത്തേയ്ക്ക് വേണ്ട ആഹാരത്തിനു വേണ്ടി അദ്ധ്വാനിക്കുവാനും, ആർത്തി കൂടാതെ സമ്പാദിക്കുവാനും ഞങ്ങൾക്ക് കഴിയട്ടെ. ഞങ്ങളോട് തെറ്റ് ചെയ്യുന്നവരെ സ്നേഹത്തോടെ തിരുത്തുവാനും അവരുടെ തെറ്റുകൾ പൊറുത്തു കൊണ്ട് അവരെ ചേർത്ത് നിർത്തുവാനും പിതാവേ കൃപ നൽകണമേ. ഏതെങ്കിലും കാരണവശാൽ ഞങ്ങൾ അവിടുത്തെ സന്നിധിയിൽ നിന്നും അകന്നു പോകുകയും പാപപ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ ഞങ്ങളുടെ പരിഹാര പ്രവർത്തികളെയും, നന്മപ്രവർത്തികളെയും കണക്കിലെടുത്തു അവിടുത്തെ സന്നിധിയിലേക്ക് തിരികെ കൊണ്ടുവരണമേ. സാത്താന്റെ സകല പ്രലോഭനങ്ങളിൽ നിന്നും അവിടുന്ന് ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ. ഞങ്ങളുടെ പാദങ്ങൾ ദുഷ്ടന്റെ കെണിയിൽ വീഴാതെ കാത്തു സൂക്ഷിക്കുവാൻ മാലഖമാരോട്‌ അവിടുന്ന് കല്പിക്കണമേ... ആമേൻ

Tags

Share this story

From Around the Web