ഉറങ്ങും മുൻപ്.........അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;മത്തായി 11 : 28

 
prayer

കരുണാസമ്പന്നനായ  ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ...
അങ്ങയുടെ സ്നേഹത്തിലും കരുണയിലും ആശ്രയിച്ച് ഈ സന്ധ്യാസമയത്ത് ഞങ്ങൾ അങ്ങയുടെ തിരുസന്നിധിയിൽ അണയുന്നു.
കടന്നുപോയ ഈ ദിവസത്തിൽ ഞങ്ങളെ കാത്തുപരിപാലിച്ചതിനും, ഞങ്ങളുടെ ഓരോ ചുവടിലും അദൃശ്യമായി കൂടെ നടന്നതിനും നന്ദി പറയുന്നു.
കർത്താവേ, ജീവിതഭാരങ്ങളാൽ തളർന്നുപോയവരെയും, കണ്ണീരോടെ കഴിയുന്നവരെയും, പ്രതീക്ഷകൾ നഷ്ടപ്പെട്ടവരെയും അങ്ങയുടെ സ്നേഹകരങ്ങളിൽ ചേർത്തുപിടിക്കണമേ. ആരും ആശ്വസിപ്പിക്കാനില്ലാതെ വേദനിക്കുന്ന ഹൃദയങ്ങൾക്ക് അങ്ങ് ആശ്വാസമാകണമേ. രോഗികൾക്ക് സൗഖ്യവും കടബാധ്യതകളാൽ വിഷമിക്കുന്നവർക്ക് ആശ്വാസവും തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങളും നൽകണമേ.
ഈശോയേ, ഇന്നേദിവസം ഞങ്ങളുടെ വാക്കുകളാലോ പ്രവൃത്തികളാലോ ചിന്തകളാലോ സംഭവിച്ച എല്ലാ തെറ്റുകളും ക്ഷമിക്കണമേ. ഞങ്ങളെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാനും എല്ലാവരെയും സ്നേഹിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ.
ഈ രാത്രിയിൽ ഞങ്ങളുടെ കുടുംബങ്ങളെയും മക്കളെയും മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും അങ്ങയുടെ തിരുരക്തത്താൽ സംരക്ഷിക്കണമേ.
കർത്താവേ, ലോകം ഞങ്ങളെ കൈവിട്ടാലും അങ്ങ് ഞങ്ങളെ കൈവിടരുതേ. ജീവിതവഴികളിൽ ഞങ്ങൾ വീണുപോയാൽ അങ്ങയുടെ കരങ്ങൾ നീട്ടി ഞങ്ങളെ എഴുന്നേൽപ്പിക്കണമേ.
പരിശുദ്ധ കന്യകാമറിയമേ, അങ്ങയുടെ മാതൃസ്നേഹത്തിന്റെ മേലങ്കിയാൽ ഞങ്ങളെ പൊതിഞ്ഞ് ഈ രാത്രിയിൽ കാത്തുസൂക്ഷിക്കണമേ.
നാളെയുടെ പ്രഭാതം പുതിയ പ്രതീക്ഷകളോടും അനുഗ്രഹങ്ങളോടും കൂടി കാണുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ... ആമേൻ

Tags

Share this story

From Around the Web