ഉറങ്ങും മുൻപ്.........അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ!സങ്കീര്ത്തനങ്ങള് 51 : 12
ഞങ്ങളുടെ കർത്താവായ യേശുവേ... ജീവജലത്തിന്റെ ഉറവയായ നല്ല തമ്പുരാനേ. ഞങ്ങൾക്ക് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ഈശോയെ അങ്ങ് ഈ ലോകത്ത് വന്നു ജനിച്ചുവല്ലോ. ഞങ്ങളുടെ ഇല്ലായിമകളുടെ ലോകത്ത് അങ്ങ് സ്നേഹം കൊണ്ട് നിറക്കണമേ. എന്തെന്നാൽ അവിടുത്തെ സ്നേഹത്താൽ ഞങ്ങളുടെ ആന്തരീകമുറിവുകൾ ഉണങ്ങുമല്ലോ. ഞങ്ങളിലെ ശൂന്യത നീക്കി ഞങ്ങളെ നേടിയെടുക്കണമേ. ഞങ്ങൾക്കായി തകർക്കപ്പെട്ട ഈശോയെ... അങ്ങേയ്ക്കായി നൽകുവാൻ ഈ ജീവിതം അങ്ങ് വിശുദ്ധീകരിക്കണമേ. ഞങ്ങളും ഞങ്ങൾക്കുള്ളതും തമ്പുരാന്റെ ദാനമാണല്ലോ. മറ്റുള്ളവർക്കായി ജീവിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷം നൽകണമേ. ഞങ്ങളുടേത്, ഞങ്ങളുടെ സ്വന്തം എന്നീ സ്വാർത്ഥതകൾ ഞങ്ങളിൽ ഉണ്ടെങ്കിൽ അവയെല്ലാം ഈ നിമിഷം മായ്ക്കപ്പെടുമാറാകട്ടെ. നിറവിന്റെ ജീവിതം അങ്ങു പ്രദാനം ചെയ്യണമേ. നിത്യമായ സന്തോഷം ദൈവമായ അങ്ങേ പക്കൽ മാത്രമാണല്ലോ. ഭയമില്ലാതെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളെ എതിർക്കുന്ന ശത്രുക്കളെ സ്നേഹം കൊണ്ട് സ്വന്തമാക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഈ രാത്രി പ്രാർത്ഥനയിൽ അങ്ങേ മുഖം ഞങ്ങളുടെ മനസിൽ പതിയട്ടെ. അങ്ങയുടെ ചിരിക്കുന്ന മുഖവും വിരിച്ച കരവും ഞങ്ങളെ ധൈര്യപ്പെടുത്തട്ടെ. ഒന്നും വേണ്ടാ ഞങ്ങൾക്ക് അങ്ങ് മാത്രം മതി. ഈശോയെ ഞങ്ങളിൽ വന്നു നിറയണമേ. ഞങ്ങൾ സമാധാനത്തിൽ ഉറങ്ങട്ടെ. ഉള്ളിൽ അങ്ങ് ഉണ്ടെന്ന ബോധ്യം ഞങ്ങൾക്ക് വലിയ ശക്തിയാണ്. അതൊന്നുമാത്രം മതിയല്ലോ നാഥാ. നാളെയെ പ്രത്യാശയോടെ കാത്തിരിക്കുവാൻ. അമ്മേ മാതാവേ, യൗസേപ്പിതാവേ കാവലായിരിക്കണമേ... ആമേൻ