ഉറങ്ങുംമുൻപ് : സത്യത്തിന്റെ വചനം എന്റെ അധരങ്ങളില്‍ നിന്നു നിശ്ശേഷം എടുത്തുകളയരുതേ!അങ്ങയുടെ കല്‍പനകളിലാണല്ലോ ഞാന്‍ പ്രത്യാശ അര്‍പ്പിക്കുന്നത്
ഉറങ്ങും മുൻപ്.........
സങ്കീര്‍ത്തനങ്ങള്‍ 119 : 43
ഞങ്ങളുടെ ദൈവമായ കർത്താവേ... അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ. ഈ പകൽ മുഴുവൻ ഞങ്ങൾക്ക് കാവലായിരുന്ന്, ഈ രാത്രിയിലേക്ക് ഞങ്ങളെ സുരക്ഷിതമായി നയിച്ച അങ്ങയുടെ വചനത്തിന്റെ ശക്തിയെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു. ലോകത്തിന്റെ അസത്യങ്ങൾക്കും ഭയങ്ങൾക്കും നടുവിൽ, സത്യത്തിന്റെ വചനം ഞങ്ങളുടെ അധരങ്ങളിൽ നിന്ന് എടുത്തു കളയാതെ ഞങ്ങളെ കാത്തു പരിപാലിച്ച ദൈവമേ അങ്ങേക്ക് സ്തുതി. കർത്താവേ, വഴി അറിയാതെ ഞങ്ങൾ പകച്ചുനിന്ന നിമിഷങ്ങളിൽ അവിടുത്തെ കൽപ്പനകളാണ് ഞങ്ങൾക്ക് പ്രത്യാശ നൽകിയത്. ഈ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു; കർത്താവായ അങ്ങാണ് ഞങ്ങളുടെ മുൻപിൽ പോകുന്നത്. അവിടുന്ന് ഞങ്ങളോടുകൂടെയുണ്ട്. ജീവിതത്തിലെ ഏത് കഠിനമായ സാഹചര്യത്തിലും അങ്ങ് ഞങ്ങളെ ഭഗ്നാശരാക്കുകയോ പരിത്യജിക്കുകയോ ഇല്ലെന്ന വചനപ്രത്യാശ ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങ് നിറയ്ക്കണമേ. അതുകൊണ്ട് നാളെയെക്കുറിച്ചുള്ള ഒരു ഭയമോ സംഭ്രമമോ ഇല്ലാതെ അങ്ങയുടെ കരങ്ങളിലേക്ക് ഞങ്ങൾ പ്രത്യാശയോടെ ചാഞ്ഞിറങ്ങുന്നു.ഈ ദിവസം അങ്ങയെ മറന്ന് അനാവശ്യ വാക്കുകൾ സംസാരിക്കുകയും അവിടുത്തെ വചനത്തിന് വിരുദ്ധമായി ജീവിക്കുകയും ചെയ്ത നിമിഷങ്ങളെ ഓർത്ത് ഞങ്ങൾ മനസ്തപിക്കുന്നു, ഞങ്ങളോട് ക്ഷമിക്കണമേ. ആര് ഞങ്ങളെ കൈവിട്ടാലും, ലോകം ഞങ്ങളെ കുറ്റപ്പെടുത്തിയാലും അങ്ങയുടെ വിരിച്ച കരം ഞങ്ങളെ താങ്ങിനിർത്തും എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.ഈ രാത്രിയിലെ ഉറക്കത്തിൽ എല്ലാ ഭയങ്ങളിൽ നിന്നും ദുഃസ്വപ്നങ്ങളിൽ നിന്നും അങ്ങയുടെ വചനത്തിന്റെ കോട്ടയാൽ ഞങ്ങളെ കാത്തുസൂക്ഷിക്കണമേ. നാളെ ഉണരുമ്പോഴും അങ്ങയുടെ വചനം പ്രഖ്യാപിക്കുവാനും, അങ്ങേ നാമം വിളിച്ചപേക്ഷിക്കുവാനും ഞങ്ങളുടെ നാവുകൾക്ക് അങ്ങ് ശക്തി തരണമേ. നിത്യപിതാവിന്റെ സ്നേഹത്തിലും, പുത്രനായ യേശുവിന്റെ മഹത്വത്തിലും, പരിശുദ്ധ റൂഹായുടെ സഹവാസത്തിലും ഞങ്ങൾ സമർപ്പിക്കുന്ന ഈ പ്രാർത്ഥന കേട്ടരുളേണമേ... ആമേൻ