ഉറങ്ങും മുൻപ്.........വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും. യാക്കോബ് 5 : 15
ഞങ്ങളുടെ നല്ല ഈശോയെ വരേണമേ... ഞങ്ങളിൽ വന്നു നിറയണമേ. ആരും ആശ്രയമില്ലാതെ അലയുന്ന മക്കൾക്ക് അങ്ങ് സമീപസ്ഥനായിരിക്കേണമേ. ഞങ്ങളുടെ വീഴ്ചകളിലും പരാജയങ്ങളിലും. അങ്ങേ കരം നീട്ടി ഞങ്ങളെ ഉയർത്തണമേ. മാനവരക്ഷക്കായി സ്വയം ബലിയായിത്തീർന്ന ഈശോനാഥാ. പാപികളും നിസ്സാരരുമായ ഞങ്ങൾക്ക് നവജീവൻ നൽകുവാൻ എഴുന്നള്ളി വരേണമേ. അങ്ങ് ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്നേഹത്തിന്റെ പൂർണ്ണത ദൈവസ്നേഹത്തിൽ മാത്രമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മനുഷ്യർക്ക് അസാധ്യമാം വിധം അങ്ങ് ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ എളിയവർക്ക് വെളിപ്പെടുത്തിയല്ലോ. വിശ്വസിക്കുന്നവർക്ക് അങ്ങേ ദർശ്ശിക്കുവാനും അങ്ങിൽ ജീവിക്കുവാനും അങ്ങ് അപ്പത്തോളം ചെറുതായി. എങ്കിലും ദൈവമേ ഞങ്ങളെ ഇത്രമാത്രം പരിഗണിക്കുവാൻ അടിയങ്ങളിൽ എന്താണു യോഗ്യത? ഈ രാത്രിയിൽ അങ്ങയുടെ കരുണയുടെ മുഖം ഞങ്ങൾ കാണുന്നു. ആരൊക്കെ ഉണ്ടെങ്കിലും ദൈവസ്നേഹമില്ലെങ്കിൽ ഞങ്ങൾ ശൂന്യമാണ്. ഒന്നിലും തൃപ്തിയോ സന്തോഷമോ ഇല്ലാത്ത നാളുകൾ വരും മുൻപേ. ഈശോയിൽ ജീവിച്ച് മഹത്വമാർജ്ജിക്കുവാൻ ഞങ്ങൾക്ക് അനുഗ്രഹം നൽകണമേ... അങ്ങ് ഞങ്ങളുടെ ജീവിതത്തിലും, കുടുംബങ്ങളിലും രാജാവായി വാഴേണമേ... കിട്ടാത്ത കാര്യങ്ങളുടെ പട്ടിക ഞങ്ങളുടെ ജീവിതത്തിൽ ഇനിയുണ്ടാകില്ല...
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ... ആമേൻ