ഉറങ്ങും മുൻപ്.........
പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്‌മരിക്കപ്പെടുകയില്ല;പാപങ്ങളുടെ കടം വീടുന്നതിന് അതുപകരിക്കും
സ്നേഹ സ്വരൂപനായ ഞങ്ങളുടെ ഈശോയെ... ഈ സന്ധ്യാ പ്രാർത്ഥനയിൽ ഞങ്ങളുടെ മാതാപിതാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
മാതാപിതാക്കളുടെ ത്യാഗപൂർണ്ണമായ സ്നേഹം ഞങ്ങളുടെ ഹൃദയത്തിൽ ആലേഖനം ചെയപ്പെടട്ടെ. എത്രയധികം കഷ്ടപ്പാടുകളിലൂടെയാണ് ദൈവം അവരെ വഴി നടത്തുന്നതെന്ന് ഞങ്ങൾ അറിയുന്നു. പഴയനിയമപുസ്തകത്തിൽ സമാനമായ ഓർമ്മപ്പെടുത്തലുണ്ട്. നാൽപത് വർഷത്തെ യാതനകളുടെ പരിസമാപ്തിയായി കാനാൻ ദേശത്തേക്ക് പ്രവേശിക്കുന്ന ഇസ്രായേൽ ജനം. ഗിൽഗാലിൽ സ്ഥാപിക്കാൻ ജോർദ്ദാൻ നദിയിൽ നിന്ന് പന്ത്രണ്ട് കല്ലുകൾ ശേഖരിക്കുവാൻ ദൈവം ജോഷായോട് ആവശ്യപ്പെട്ടത് എന്തിനാണ്? എത്ര അത്ഭുതകരമായാണ് ദൈവം ഇസ്രായേലിനെ വഴി നടത്തിയതെന്ന് വരും തലമുറക്ക് പറഞ്ഞു കൊടുക്കുവാൻ വേണ്ടിയാണെന്ന് മനസിലാക്കണേ സഹോദരങ്ങളേ. നമ്മുടെ ഇല്ലായിമകൾ അറിയുന്ന മക്കൾ മാതാപിതാക്കളെ ഹൃദയത്തിൽ സൂക്ഷിക്കും എന്നത് തീർച്ചയാണ്. സ്നേഹം കൊണ്ട് സ്വന്തമാക്കുക. തിരിച്ച് പ്രതീക്ഷിക്കാതെ കൊടുക്കുക. കണക്കു വെക്കുന്നുവെങ്കിൽ നീയും കച്ചവടക്കാരനും തമ്മിൽ എന്ത് വ്യത്യാസം? മാതാപിതാക്കളെന്ന നിലയിൽ ദൈവതിരുമുൻപിൽ നാം കടപ്പെട്ടിരിക്കുന്നു. അനേകം മക്കളില്ലാത്ത ദമ്പതികൾ ഉണ്ടെന്ന് ദിവസവും അനുസ്മരിക്കണമേ. അവരിൽ നിന്നും വ്യത്യസ്തരായി ദൈവം പ്രത്യേകമായി നമ്മെ ഈ വിളിക്ക് സജ്ജരാക്കി എങ്കിൽ നാം ദൈവത്തിന് അത്രമേൽ നന്ദി പറയുക. കുടുംബത്തിൽ നിന്നും നമ്മുടെ മക്കൾ സ്നേഹം അഭ്യസിക്കട്ടെ. നാളെയൊരിക്കൽ അവരെ ഇതാരു പഠിപ്പിക്കും? ഇതെത്ര നശിച്ച തലമുറയെന്ന് ആരെങ്കിലും പറയുന്നുവെങ്കിൽ അത് മാറ്റപ്പെടുവാൻ വേണ്ടി നമുക്ക് ഈശോയോട് പ്രാർത്ഥിക്കാം... ഞങ്ങളുടെ കാവൽ മാലാഖമാരെ... ഞങ്ങളെ ദുഃസ്വപ്നങ്ങളിൽ നിന്നും സാത്താന്റെ പ്രലോഭനങ്ങളിൽ നിന്നും കാത്തുകൊള്ളണേ... ആമേൻ