ഉറങ്ങും മുൻപ്.........
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.. ആമേൻ
കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... അവിടുന്ന് ഞങ്ങൾക്ക് നൽകിയ ഈ മനോഹരമായ ദിവസത്തിന് ഞങ്ങൾ നന്ദി പറയുന്നു. പകൽ മുഴുവൻ ഞങ്ങളെ കാത്തുപരിപാലിച്ച അങ്ങയുടെ അനന്തമായ സ്നേഹത്തെ ഞങ്ങൾ സ്തുതിക്കുന്നു. സൂര്യനസ്തമിച്ച് ഇരുൾ പരക്കുന്ന ഈ സന്ധ്യാസമയത്ത്, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ തിരുസന്നിധിയിലേക്ക് ഞങ്ങൾ ഉയർത്തുന്നു.
നാഥാ, ജീവിതത്തിലെ പ്രതിസന്ധികളും നാളെയെക്കുറിച്ചുള്ള ആശങ്കകളും ഞങ്ങളെ ഭയപ്പെടുത്തുമ്പോൾ, അങ്ങയുടെ ജീവനുള്ള തിരുവചനം ഞങ്ങൾക്ക് ധൈര്യം നൽകുന്നു:
"നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്‌ഷയ്‌ക്കു നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത്"
ജറെമിയാ 1 : 8
ഈ തിരുവചനം നൽകുന്ന വലിയ ആശ്വാസത്തിനായി ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ലോകം തരുന്ന എല്ലാഭയങ്ങളെയും, ശത്രുതകളെയും, പരാജയങ്ങളെയും നേരിടാൻ ഈ വചനം ഞങ്ങൾക്ക് കരുത്ത് ഏകട്ടെ. ഞങ്ങളുടെ രക്ഷയ്ക്കായി, ഞങ്ങളുടെ സംരക്ഷണത്തിനായി പ്രപഞ്ചനാഥനായ അവിടുന്ന് കൂടെയുണ്ടെന്ന ബോധ്യം ഞങ്ങളുടെ മനസ്സുകളിൽ ഉറപ്പിച്ചു നിർത്തണമേ. മനുഷ്യരെയോ, പ്രതിസന്ധികളെയോ, സാഹചര്യങ്ങളെയോ ഭയപ്പെടാതെ, അടിപതറാതെ അങ്ങയുടെ വചനത്തിന്റെ ശക്തിയിൽ മുന്നേറുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.
ഈ രാത്രിയിൽ ഞങ്ങളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവിടുത്തെ തിരുരക്തത്തിന്റെ കോട്ടയ്ക്കുള്ളിൽ ഞങ്ങളെ കാത്തുസൂക്ഷിക്കണമേ. ദുഃസ്വപ്നങ്ങളിൽ നിന്നും അന്ധകാര ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. ഭയമില്ലാത്ത, സമാധാനമുള്ള ഒരു നല്ല ഉറക്കം ഞങ്ങൾക്ക് പ്രധാനം ചെയ്യണമേ.
നാളെ രാവിലെ അങ്ങയുടെ കൃപയോടെ ഉണരാനും, പുതിയൊരു ദിവസം നന്മയോടെ തുടങ്ങുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ടതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു നാഥാ... ആമേൻ