ഉറങ്ങും മുൻപ്.........
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും
ഫിലിപ്പി 4 : 13
ജീവദായകനായ ഞങ്ങളുടെ നല്ല ദൈവമേ... ഞങ്ങളിൽ വന്നു നിറയണമേ. ഈ സന്ധ്യാപ്രാർത്ഥന വേളയിൽ ഞങ്ങൾ അങ്ങയുടെ അനുഗ്രഹത്തിനായി യാചിക്കുന്നു. പരാജയഭീതിയാൽ ജീവിക്കുന്ന മക്കളിലേക്ക് അങ്ങേ വിജയത്തിന്റെ വലതുകരം നീട്ടണമേ. പരീക്ഷകളിലും പ്രലോഭനങ്ങളിലും വിഷമിക്കുന്നവർക്ക് അങ്ങയുടെ സാന്നിധ്യത്താൽ ധൈര്യവും വിവേകവും ലഭിക്കുവാൻ ഇടയാക്കണമേ. ഞങ്ങളുടെ തിരുസഭയെ നയിക്കുന്ന പിതാക്കന്മാരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിശ്വാസത്തിന്റെ സത്യപാർത്ഥവിലേക്ക് സകലരെയും നയിക്കുവാൻ അവർക്ക് കൃപ നൽകണമേ. മാതൃകാപരമായി ആത്മീയജീവിതം നയിക്കുവാൻ സന്യസ്തരെയും കുടുംബസ്ഥരെയും അനുഗ്രഹിക്കണമേ. മക്കളില്ലാതെയും ഉദരഫലമില്ലാതെയും കണ്ണീരൊഴുക്കി പ്രാർത്ഥിക്കുന്നവർക്ക് ഉദരഫലം കൊടുക്കണമേ. മക്കളുടെ ചെയ്തികൾ മൂലം സമാധാനം നഷ്ടമായവർക്ക് അവരെ നല്ലവഴിക്ക് നടത്തുവാനുള്ള ശക്തി കൊടുക്കണമേ. സ്നേഹത്തിന്റെ കുറവുകൾ മൂലം അസ്വസ്ഥതകൾ അനുഭവിക്കുന്ന കുടുംബങ്ങളെ ഏറ്റെടുക്കണമേ. ഐക്യത്തിലും സന്തോഷത്തിലും സമാധാനത്തിലും പരിപാലിക്കണമേ. ഈ പ്രാർത്ഥനയിൽ ഈ നിമിഷം പങ്കെടുക്കുന്ന ഞങ്ങളുടെ പ്രത്യേക ആവശ്യം സമർപ്പിക്കുന്നു. വിഷമതകൾ മാറുവാനും ആരോഗ്യം വീണ്ടെടുക്കുവാനും പ്രാർത്ഥിക്കുന്നവരെ സഹായിക്കണേ നാഥാ. ഇന്നുമെന്നും ഞങ്ങൾക്ക് ആശ്രയമായ ത്രിയേക ദൈവത്തിന്റെ മഹനീയമായ ഐക്യത്തിൽ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ... ആമേൻ