ഉറങ്ങും മുൻപ്.........നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയ പരമാര്‍ഥതയോടെ ചെയ്യു വിന്‍.
പരമകാരുണ്യവാനും സർവ്വശക്തനുമായ ഞങ്ങളുടെ നല്ല ദൈവമേ...
പകൽ മുഴുവൻ അങ്ങയുടെ കരുതലിലും സംരക്ഷണത്തിലും വഴി നടക്കുവാൻ കൃപ നൽകിയതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ സന്ധ്യാസമയത്ത്, അങ്ങയുടെ തിരുസന്നിധിയിൽ ഞങ്ങൾ എളിമയോടെ തലകുനിക്കുന്നു. ഇന്നത്തെ പകൽ ഞങ്ങൾക്ക് തന്ന എല്ലാ നന്മകൾക്കും, നേരിടേണ്ടി വന്ന വെല്ലുവിളികൾക്കും ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.
അങ്ങയുടെ വിശുദ്ധ വചനമായ കൊളോസോസ് 3:23-ൽ ഞങ്ങളെ ഓർമ്മിപ്പിക്കുന്നത് പോലെ, "നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യുവിന്‍" എന്ന സത്യം ഞങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങുന്നു.
കർത്താവേ, പലപ്പോഴും ഞങ്ങളുടെ ജോലിസ്ഥലങ്ങളിലും കുടുംബങ്ങളിലും ദൈനംദിന ജീവിതത്തിലും മനുഷ്യരുടെ അംഗീകാരത്തിനും പ്രശംസയ്ക്കും വേണ്ടിയാണ് ഞങ്ങൾ ജീവിച്ചുപോയത്. മനുഷ്യരെ പ്രീതിപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ നിരാശകളും സങ്കടങ്ങളും ഞങ്ങൾ ഓർക്കുന്നു. എന്നാൽ ഞങ്ങളുടെ എല്ലാ പ്രവൃത്തികളും, അത് എത്ര ചെറുതായാലും വലുതായാലും, അങ്ങയെ സേവിക്കുന്നതുപോലെ ചെയ്യാനുള്ള വലിയ ബോധ്യം ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ അധ്വാനവും ചുമതലകളും അങ്ങേയ്ക്കുള്ള ആരാധനയായി മാറ്റുവാൻ ഞങ്ങളെ പഠിപ്പിക്കണമേ.
ഹൃദയപരമാർത്ഥതയോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. കാപട്യമില്ലാത്ത മനസ്സും, സ്വാർത്ഥതയില്ലാത്ത സ്നേഹവും, അടിയുറച്ച ആത്മാർത്ഥതയും ഞങ്ങളിൽ നിറയ്ക്കണമേ. ഞങ്ങൾ ചെയ്യുന്ന ജോലികൾ മറ്റുള്ളവർ കാണുന്നുണ്ടോ ഇല്ലയോ എന്നതല്ല, ദൈവമായ അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളെ കാണുന്നു എന്ന ബോധ്യം എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകട്ടെ. പരാതികളോ മടിയോ കൂടാതെ, സന്തോഷത്തോടെ ഞങ്ങളുടെ കടമകൾ നിർവ്വഹിക്കാൻ ആവശ്യമായ ജ്ഞാനവും കരുത്തും നൽകി ഞങ്ങളെ വഴിനടത്തണമേ.
ഈ രാത്രിയിൽ ഞങ്ങളുടെ കുടുംബങ്ങളെ അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. ഇന്നത്തെ പകൽ സംഭവിച്ചുപോയ എല്ലാ തെറ്റുകുറ്റങ്ങളും ദാസരോട് ക്ഷമിക്കണമേ. മനം മടുപ്പിക്കുന്ന ചിന്തകളിൽ നിന്നും, അനാവശ്യമായ ഭയങ്ങളിൽ നിന്നും ഞങ്ങളുടെ മനസ്സിനെ മോചിപ്പിക്കണമേ.
അങ്ങയുടെ തിരുസാന്നിധ്യത്തിന്റെ തണലിൽ സമാധാനമുള്ള ഉറക്കം ഞങ്ങൾക്ക് പ്രധാനം ചെയ്യണമേ. നാളെ പുതിയൊരു പുലരിയിലേക്ക് ഞങ്ങൾ ഉണരുമ്പോൾ, കൂടുതൽ ആത്മാർത്ഥതയോടെയും ദൈവഭയത്തോടെയും അങ്ങയെ സേവിക്കുവാനും, പ്രവൃത്തികളിലൂടെ അങ്ങയുടെ നാമം മഹിമപ്പെടുത്തുവാനും ഞങ്ങളെ യോഗ്യരാക്കണമേ.
ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ട് ഞങ്ങളെ അനുഗ്രഹിക്കുന്ന ദൈവമേ, അങ്ങയുടെ തിരുനാമത്തിൽ ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ആമേൻ