ഉറങ്ങും മുൻപ്.........തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്‌ക്കുകയും ചെയ്യുന്നവരിലാണുകര്‍ത്താവു പ്രസാദിക്കുന്നത്
Apr 6, 2026, 20:54 IST
ഞങ്ങളുടെ സൃഷ്ടാവായ നല്ല ദൈവമേ... എത്രയധികം സ്നേഹം നല്കിയാണ് അങ്ങ് ഞങ്ങളെ പരിപാലിക്കുന്നത്. അതിലേറെ കരുതലോടെ അങ്ങ് ഞങ്ങൾക്കായി പദ്ധതികൾ വിഭാവനം ചെയ്യുന്നു. നല്ല ദൈവമേ ഒന്നും ചോദിക്കാതെ, ആഗ്രഹിക്കാതെ അങ്ങയെ സ്നേഹിക്കുവാൻ ഞങ്ങളെ ശക്തരാക്കണമെ. ഈ ദിവസം ഞങ്ങൾക്കായി അവിടുന്ന് ചൊരിഞ്ഞ നിരവധിയായ നന്മകളെ ഞങ്ങൾ ഓർക്കുന്നു. ഞങ്ങളുടെ കണ്ണുനീർ പ്രാർത്ഥന ചെവിക്കൊണ്ട് ഞങ്ങൾക്കായി അവിടുന്ന് അത്ഭുതം പ്രവർത്തിച്ചുവല്ലോ. അങ്ങയെ മറന്ന് സുഖലോലുപതയിൽ ജീവിച്ച നിമിഷങ്ങളെയോർത്ത് ഞങ്ങൾ മനസ്തപിക്കുന്നു. ആയിരം ശത്രുക്കൾ ഞങ്ങൾക്കെതിരായി വന്നാലും അവിടുത്തെ വിരിച്ച കരം ഞങ്ങളെ താങ്ങി നിർത്തുവോളം ഞങ്ങൾ ഭയപ്പെടുകയില്ല. ഇത്രയധിയകമായി ഞങ്ങളെ സ്നേഹിക്കുന്ന ദൈവമേ അങ്ങേ സ്നേഹത്തിനു പകരമായി ഞങ്ങൾ എന്ത് നൽകും. ഞങ്ങൾ ഞങ്ങളുടെ ജീവിതമാകുന്ന കാസ ഉയർത്തി ഞങ്ങളുടെ കർത്താവിന്റെ നാമം വിളിക്കും. കാരണം എല്ലാവരും കൈവിട്ടപ്പോൾ, ഞങ്ങളെ കുറ്റപ്പെടുത്തി അകന്നപ്പോൾ അങ്ങ് മാത്രമാണ് ഞങ്ങളെ വിശ്വസിച്ചത് ഞങ്ങളെ സഹായിക്കുവാൻ കരം നീട്ടിയത്. ഈ ലോകത്ത് എന്തൊക്കെ നഷ്ടമാക്കിയാലും ദൈവമേ അങ്ങേ നാമം വിളിക്കുവാൻ ഞങ്ങളുടെ നാവിനു അങ്ങ് ശക്തി തരണമേ... നിത്യപിതാവിന്റെ സ്നേഹത്തിൽ പുത്രനായ യേശുവിന്റെ മഹത്വത്തിൽ പരിശുദ്ധ റൂഹായുടെ സഹവാസത്തിൽ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ... ആമേൻ