ഉറങ്ങും മുന്‍പ്.........ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു

 
prayer



ഞങ്ങളുടെ പെന്നു തമ്പുരാനേ...
ജനിച്ച നിമിഷം മുതല്‍ ഇന്നുവരെ അങ്ങ് നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ ആവശ്യപ്പെട്ടപ്പോഴും ആവശ്യപ്പെടാതെയും അങ്ങ് നല്‍കിയ നിരവധിയായ ദാനങ്ങള്‍ ഞങ്ങളോര്‍ക്കുന്നു. ഇതുവരെയും തിരിച്ചറിഞ്ഞു നന്ദി പറയാത്തതും എന്നാല്‍ ഞങ്ങള്‍ക്ക് ലഭച്ചിട്ടുള്ളതുമായ സകല അനുഗ്രഹങ്ങള്‍ക്കും നന്ദി കര്‍ത്താവേ... മാതാപിതാക്കളിലൂടെ, സഹോദരങ്ങളിലൂടെ, ബന്ധുജനങ്ങളിലൂടെ, അയല്‍വാസികളിലൂടെ, സുഹൃത്തുക്കളിലൂടെ, അധ്യാപകരിലൂടെ, പുരോഹിതരിലൂടെ, സന്യസ്ഥരിലൂടെ, തിരുസഭയിലൂടെ, പൂര്‍വികരിലൂടെ അധികാരികളിലൂടെ ഞങ്ങളെ അനുഗ്രഹിച്ച നല്ല ദൈവമേ... ഞങ്ങളങ്ങയെ സ്തുതിക്കുന്നു. സ്വജീവിതത്തിലെ നിരവധിയായ അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞു അങ്ങയെ മഹത്വപ്പെടുത്താന്‍ എല്ലാമനുഷ്യരെയും അനുഗ്രഹിക്കണമേ. വലിയ ദുഖത്തിലും നിരാശയിലും കഴിയുന്നവര്‍ക്ക് ആശ്വാസവും സമാധാനവും നല്‍കേണമേ.
ഇന്ന്, കഠിനമായ ദുഷ്ടതയും വഞ്ചനയും ചെയ്യാന്‍ തീരുമാനമെടുത്തിരിക്കുന്നവരെ പിന്തിരിപ്പിക്കണമേ. വിനാശകരമായ അപകടങ്ങളില്‍നിന്നും പിതാവേ അങ്ങയുടെ മക്കളെ സംരക്ഷിക്കണമേ 
ദൈവവിളി ഉപേക്ഷിക്കാനും ഭ്രൂണഹത്യ ചെയ്യാനും തീരുമാനിച്ചിരിക്കുന്നവരെ മാനസാന്തരപ്പെടുത്തണമേ. മദ്യപാനത്തിന്റെ അടിമത്വത്തില്‍ കഴിയുന്നവരെ കരുണയോടെ മോചിപ്പിക്കണമേ. വലിയ ഞെരുക്കത്തിലും ദുഖത്തിലും കഴിയുന്ന അവരുടെ കുടുംബാങ്ങങ്ങളെ ആശ്വസിപ്പിക്കണമേ 
ചെയ്യാത്ത തെറ്റിന് ശിക്ഷയനുഭവിച്ചു തടവറകളില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കണമേ. സത്യത്തെ പ്രതി പീഡനമേല്‍ക്കുന്നവരെയും, തടവിലാക്കപ്പെട്ടവരെയും, മരണഭീതിയില്‍ കഴിയുന്നവരെയും ധൈര്യപ്പെടുത്തണമേ, അല്പകാലത്തെ സഹനത്തിനു നിത്യതയില്‍ ലഭിക്കാനിരിക്കുന്ന ആനന്ദം കൊണ്ടു അവരെ അഭിഷേകം ചെയ്യണമേ. കര്‍ത്താവേ വിശ്വാസം നഷ്ടപ്പെടാതെ പ്രത്യാശയോടെ ജീവിക്കാന്‍ അങ്ങയുടെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ...
പരിശുദ്ധ അമ്മേ... മാലാഖമാരുടെ രാജ്ഞി മാധ്യസ്ഥവും സാന്നിധ്യവും നല്‍കി ഞങ്ങളെ നയിക്കണമേ... ആമേന്‍

Tags

Share this story

From Around the Web