ഉറങ്ങും മുൻപ്.........കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ
കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... സ്നേഹനിധിയായ നല്ല തമ്പുരാനേ, അവിടുന്ന് ഞങ്ങൾക്ക് ദാനമായി നൽകിയ ഈ മനോഹരമായ പകൽസമയത്തിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ ദിവസത്തിന്റെ സന്ധ്യാവേളയിൽ, അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ എളിമയോടെ മുട്ടുകുത്തുന്നു. ഇന്ന് ഈ പകൽ മുഴുവൻ ഞങ്ങളെ കാത്തുപരിപാലിച്ചതിനും, ഞങ്ങളുടെ കാൽപ്പാടുകളെ വഴിനടത്തിയതിനും അങ്ങേക്ക് കോടാനുകോടി സ്തുതികൾ അർപ്പിക്കുന്നു.
നാഥാ, അങ്ങയുടെ തിരുവചനം ഞങ്ങളെ ഓർമ്മിപ്പിക്കുന്നുവല്ലോ: "കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ."
ദൈവമേ, ഈ വചനം ഞങ്ങളുടെ ജീവിതത്തിൽ ഇന്ന് രാത്രിയിൽ ഒന്നുറപ്പിച്ചു പ്രഖ്യാപിക്കുന്നു. ഞങ്ങളുടെ ജീവിതത്തിൽ മരുഭൂമി സദൃശമായ വറുതിയോ, ഏകാന്തതയോ, രോഗങ്ങളോ, പ്രതിസന്ധികളോ കടന്നുവരുമ്പോൾ അവിടുത്തെ നിരന്തരമായ വഴിനടത്തൽ ഞങ്ങൾക്ക് ഉണ്ടാകണമേ. പ്രതികൂല സാഹചര്യങ്ങളിലും ഞങ്ങളുടെ കുടുംബങ്ങളിൽ ദൈവീക സമൃദ്ധി നിറയ്ക്കണമേ. ശാരീരികമായും മാനസികമായും ആത്മീയമായും ഞങ്ങൾ തളർന്നുപോകുന്ന നിമിഷങ്ങളിൽ ഞങ്ങളുടെ അസ്ഥികളെ ബലപ്പെടുത്തണമേ. അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകി, നനച്ചു വളർത്തിയ ഒരു പൂന്തോട്ടം പോലെയും, ഒരിക്കലും വറ്റാത്ത നീരുറവ പോലെയും മറ്റുള്ളവർക്ക് നന്മയും ആശ്വാസവും പകരുന്നവരാക്കി ഞങ്ങളെ മാറ്റണമേ.
ഈ രാത്രിയിൽ ഞങ്ങളുടെ കുടുംബത്തെയും, മക്കളെയും, മാതാപിതാക്കളെയും, ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരെയും അങ്ങയുടെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു. അവിടുത്തെ തിരുരക്തത്തിന്റെ കോട്ടയ്ക്കുള്ളിൽ ഞങ്ങളെ കാത്തുസൂക്ഷിക്കണമേ. ദുഷ്ടന്റെ എല്ലാവിധ കെണികളിൽ നിന്നും അന്ധകാര ശക്തികളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. ഭയവും ആശങ്കകളും നീക്കി, അങ്ങയുടെ സ്വർഗ്ഗീയ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളിൽ നിറയ്ക്കണമേ.
ഞങ്ങളിൽ നിന്നും വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ അങ്ങയുടെ സന്നിധിയിലേക്ക് ചേർത്തുകൊള്ളണമേ. രോഗികളായി കഴിയുന്നവർക്ക് അങ്ങയുടെ സൗഖ്യം നൽകണമേ. കടബാധ്യതകളിലും തകർച്ചകളിലും അയിരിക്കുന്നവർക്ക് അങ്ങയുടെ അത്ഭുതകരമായ വിടുതൽ നൽകണമേ.
നല്ല ദൈവമേ, ശാന്തവും സമാധാനപൂർണ്ണവുമായ ഒരു നല്ല ഉറക്കം ഈ രാത്രിയിൽ ഞങ്ങൾക്ക് പ്രധാനം ചെയ്യണമേ. നാളെ പ്രഭാതത്തിൽ പുതിയൊരു ദിവസത്തിലേക്ക് പുതിയ ആത്മീയ ചൈതന്യത്തോടെ ഉണരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോമിശിഹാ വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന, കാരുണ്യപൂർവ്വം കേട്ടരുളണമേ...
ആമേൻ
1 സ്വർഗ്ഗസ്ഥനായ പിതാവേ... 1 നന്മനിറഞ്ഞ മറിയമേ... 1 ത്രിത്വസ്തുതി... ആമേൻ