ഉറങ്ങും മുൻപ്.........കര്‍ത്താവ് എന്റെ പ്രകാശവും രക്‌ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം?കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?
ഞങ്ങളുടെ രക്ഷകനായ കർത്താവേ... അങ്ങ് ഞങ്ങളുടെ സങ്കേതവും കോട്ടയുമാകുന്നു. അങ്ങയിൽ മാത്രം ഞങ്ങൾ പൂർണ്ണമായി ആശ്രയം വെച്ചിരിക്കുന്നു. ജീവിത യാഥർഥ്യങ്ങൾ ഞങ്ങളെ തളർത്തുന്നു തമ്പുരാനെ. ഒന്നിലും വിശ്വസിക്കാനോ ആരെയും ആശ്രയിക്കാനോ കഴിയാത്ത അവസ്ഥ കടന്നു വരുന്നു. നിശ്ചലമായി പോകുന്ന അവസരങ്ങളിൽ ഈശോയെ ഞങ്ങൾ അങ്ങയെ തേടുന്നു. ഈ രാത്രിയിൽ ഞങ്ങളുടെ പ്രാർത്ഥന ശ്രവിച്ചുകൊണ്ട് ഞങ്ങൾക്ക് ഉത്തരം നൽകണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ നാഥാ. ഞങ്ങളുടെ വിശ്വാസവും ധൈര്യവും ചോർന്നു പോകുന്നല്ലോ നാഥാ. ഉറച്ചു നിന്ന് കൊണ്ട് നല്ലൊരു നാളെക്കായി പൊരുതുവാൻ അടിയങ്ങളെ സഹായിക്കണമേ. ചുറ്റിലും നടക്കുന്ന കാര്യങ്ങൾ ആശാവഹമല്ല. എങ്കിലും ഞങ്ങളുടെ കർത്താവ് എല്ലാം അറിയുന്നുവെന്നും അവിടുത്തെ പക്കൽ എല്ലാത്തിനും പരിഹാരം ലഭിക്കുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു. ഇന്ന് ഞങ്ങൾക്ക് സംരക്ഷണം നൽകി കാത്തു പരിപാലിച്ചതിന് നന്ദി. നാളെ ഉണരുമ്പോൾ ദൈവമേ കൂടുതൽ ഉന്മേഷത്തോടെ ഞങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്റെ അത്യുന്നത നാമത്തിൽ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ... വിശുദ്ധ യൗസേപ്പിതാവേ പ്രാർത്ഥിക്കണമേ.
പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങേ മക്കൾക്കായി പ്രാർത്ഥിക്കണമേ... ആമേൻ