ഉറങ്ങും മുന്‍പ്...നിനക്കെതിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു. നിന്റെ ശത്രുക്കളെ അവിടുന്ന് ചിതറിച്ചിരിക്കുന്നു
 

 
prayer


 

കാരുണ്യക്കടലായ ഞങ്ങളുടെ നല്ല ദൈവമേ... സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ നല്ല പിതാവേ, അങ്ങയുടെ സാന്നിധ്യത്താല്‍ അനുഗൃഹീതമായ ഈ ശാന്തമായ സന്ധ്യാസമയത്ത് ഞങ്ങള്‍ അങ്ങയുടെ തിരുമുമ്പില്‍ താഴ്മയോടെ നില്‍ക്കുന്നു. ഈ പകല്‍ക്കാലം മുഴുവന്‍ അങ്ങയുടെ ചിറകിന്‍ കീഴില്‍ ഞങ്ങളെ ഒളിപ്പിച്ചു കാത്തതിനും, അപകടങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും ഞങ്ങളെ വിടുവിച്ചതിനും നന്ദി അര്‍പ്പിക്കുന്നു. ഞങ്ങളുടെ ശ്വാസത്തിലും വിചാരത്തിലും പ്രവര്‍ത്തിയിലും കൂടെയിരുന്ന അങ്ങയുടെ വലിയ കൃപയെ ഞങ്ങള്‍ സ്തുതിക്കുന്നു
നാഥാ, ഈ പകല്‍ സമയത്ത് ഞങ്ങളുടെ ചിന്തയാലോ, വാക്കുകളാലോ, പ്രവര്‍ത്തികളാലോ, ഉപേക്ഷകളാലോ അങ്ങയുടെ തിരുമനസ്സിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തുപോയിട്ടുണ്ടെങ്കില്‍ അങ്ങയുടെ വലിയ കാരുണ്യത്താല്‍ ഞങ്ങളോട് ക്ഷമിക്കണമേ. അങ്ങയുടെ വിലയേറിയ തിരുരക്തത്താല്‍ ഞങ്ങളുടെ ആത്മാവിനെയും ശരീരത്തെയും മനസ്സിനെയും കഴുകി വിശുദ്ധീകരിക്കണമേ.  
കര്‍ത്താവേ, അങ്ങയുടെ ജീവനുള്ള വചനം ഈ സന്ധ്യയില്‍ ഞങ്ങളുടെ കുടുംബത്തിന്മേല്‍ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു:
'നിനക്കെതിരേയുള്ള വിധി കര്‍ത്താവ് പിന്‍വലിച്ചിരിക്കുന്നു. നിന്റെ ശത്രുക്കളെ അവിടുന്ന് ചിതറിച്ചിരിക്കുന്നു.'
അതേ ദൈവമേ, അങ്ങയുടെ വലിയ സ്‌നേഹത്താല്‍ ഞങ്ങള്‍ക്ക് എതിരായിരുന്ന എല്ലാ കുറ്റവിധികളെയും അവിടുന്ന് കുരിശില്‍ തറച്ച് പിന്‍വലിച്ചിരിക്കുന്നതോര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങളുടെ പാപങ്ങളുടെ ശിക്ഷകളെല്ലാം അവിടുന്ന് മാറ്റിയിരിക്കുന്നു. ഞങ്ങളെ തളര്‍ത്താന്‍ ശ്രമിക്കുന്ന ആത്മീയവും ഭൗതികവുമായ എല്ലാ ശത്രുശക്തികളെയും അവിടുന്ന് ചിതറിച്ചുകളയണമേ. ഞങ്ങളുടെ കുടുംബ സമാധാനത്തെ തകര്‍ക്കുന്ന സാത്താന്റെ തന്ത്രങ്ങളെ, രോഗ പീഡകളെ, സാമ്പത്തിക പ്രതിസന്ധികളെ, ഭാവിയെക്കുറിച്ചുള്ള ഭയങ്ങളെ, ആകുലതകളെ എല്ലാം ഈ വചനത്തിന്റെ ശക്തിയാല്‍ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ബന്ധിച്ച് പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവ് വിധി പിന്‍വലിച്ചതിനാല്‍ ഞങ്ങള്‍ ഇനി ഭയപ്പെടുകയില്ല. കര്‍ത്താവ് ശത്രുക്കളെ ചിതറിച്ചതിനാല്‍ ഞങ്ങള്‍ ഇനി പതറുകയുമില്ല. അങ്ങയുടെ വലിയ വിജയം ഞങ്ങളുടെ ജീവിതത്തിലും ഭവനത്തിലും ഈ നിമിഷം വെളിപ്പെടട്ടെ.
ഈ രാത്രിയില്‍ ഞങ്ങളുടെ ഭവനത്തിന് ചുറ്റും അങ്ങയുടെ വിശുദ്ധ രക്തത്തിന്റെ വേലി കെട്ടി കാക്കണമേ. ദുഷ്ടാരൂപികളുടെ ഒരു സ്വാധീനവും ഈ ഭവനത്തിലോ ഞങ്ങളുടെ പ്രിയപ്പെട്ടവരിലോ ഉണ്ടാകാന്‍ അനുവദിക്കരുതേ. മാലാഖമാരുടെ വലിയൊരു സൈന്യത്തെ അയച്ച് ഞങ്ങള്‍ക്ക് കാവല്‍ നിര്‍ത്തണമേ. ഉറക്കമില്ലായ്മയും അസ്വസ്ഥതകളും അനുഭവിക്കുന്നവര്‍ക്ക് ഈ രാത്രിയില്‍ സുഖകരമായ ഉറക്കം നല്‍കണമേ. ഞങ്ങളുടെ മനസ്സിലെ ഭാരങ്ങളെല്ലാം അങ്ങയുടെ തൃപ്പാദങ്ങളില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
നാളെ പ്രത്യാശയോടെയും സന്തോഷത്തോടെയും ഒരു പുതിയ പുലരിയിലേക്ക് ഉണരാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. നാളത്തെ ഞങ്ങളുടെ യാത്രകളും ജോലികളും എല്ലാ തീരുമാനങ്ങളും അങ്ങയുടെ കരങ്ങളിലേക്ക് ഭരമേല്‍പ്പിക്കുന്നു. ഞങ്ങളെയും ഞങ്ങളുടെ തലമുറകളെയും അങ്ങയുടെ തിരുഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോമിശിഹാ വഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന, കേട്ടരുളണമേ...
ആമേന്‍

ഞങ്ങളുടെ പിതാവേ... (1)
നന്മനിറഞ്ഞ മറിയമേ... (1)
പിതാവിനും പുത്രനും... (1)

Tags

Share this story

From Around the Web