ഉറങ്ങും മുന്‍പ്.........കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും
കരുണാമയനായ ഞങ്ങളുടെ നല്ല ഈശോയെ... അവിടുത്തെ നന്മകളും, ദാനങ്ങളും കൊണ്ട് ഞങ്ങളുടെ ജീവിതം നിറയപ്പെടുന്നതിനെ ഓര്‍ത്തു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. എത്ര മനോഹരമായി അവിടുന്ന് ഞങ്ങളെ രൂപപ്പെടുത്തി. അമ്മയുടെ ഉദരത്തില്‍ ഞങ്ങള്‍ രൂപം കൊണ്ട് വളരുമ്പോള്‍ അവിടുത്തെ കരം ഞങ്ങളുടെ മേല്‍ ഉണ്ടായിരുന്നു. ഈ ലോകത്തേയ്ക്ക് ഞങ്ങള്‍ ജനിച്ചു വീണു. പിച്ചവച്ചു നടന്ന കാലുകള്‍ക്ക് ഒപ്പം നടക്കുവാന്‍ ഞങ്ങളുടെ മാതാപിതാക്കളെയും, ബന്ധുക്കളെയും അവിടുന്ന് നിയോഗിച്ചു. കര്‍ത്താവേ, ഞങ്ങളുടെ ബാല്യകാലത്തു ഞങ്ങളെ മുറിപ്പെടുത്തിയ എല്ലാവരെയും ഓര്‍ക്കുന്നു. അറിഞ്ഞും, അറിയാതെയും ഞങ്ങളെ വേദനിപ്പിച്ച എല്ലാവരോടും ഞങ്ങള്‍ ഈ നിമിഷത്തില്‍ പരിപൂണ്ണമായി ക്ഷമിക്കുന്നു. ഞങ്ങളുടെ വളര്‍ച്ചയുടെ സമയങ്ങളില്‍ ഞങ്ങള്‍ ചെയ്ത തെറ്റുകളെ ഓര്‍ക്കുന്നു. ദൈവമേ പലപ്പോഴും അങ്ങില്‍ നിന്ന് അകന്നാണ് ജീവിച്ചത്. ചിലപ്പോഴൊക്കെ അറിയാതെ തെറ്റ് ചെയ്തപ്പോള്‍ മറ്റു ചില സമയങ്ങളില്‍ അറിഞ്ഞു കൊണ്ടും. ദൈവമേ മാപ്പ് നല്‌കേണമേ. അവിടുത്തെ സന്നിധിയില്‍ ആയിരിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതത്തെ പറ്റിയുള്ള ദൈവപദ്ധതിയില്‍ പരാതി കൂടാതെ പങ്കു ചേരുവാന്‍ ഞങ്ങള്‍ക്ക് സാധിക്കട്ടെ. വിശ്വാസത്തിന്റെ നെറുകയില്‍ നിന്ന് കൊണ്ട് ദൈവത്തെ പ്രഘോഷിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയട്ടെ. ഇന്നേ ദിവസം അവിടുന്ന് ഞങ്ങളെ ഒരു അനുഗ്രഹമാക്കി മാറ്റണമേ. ഈ ഭൂമിയില്‍ സമാധാനത്തിന്റെ കാവല്‍ ദൂതരാകുവാന്‍ ഞങ്ങളെ സഹായിക്കണമേ... ആമേന്‍