ഉറങ്ങും മുൻപ്.........എന്റെ നുകം വഹിക്കുകയും എന്നിൽ നിന്നും പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും

 
prayer

ഞങ്ങളുടെ രക്ഷകനായ നല്ല ദൈവമേ...

താങ്ങാൻ കഴിയാത്ത ജീവിതഭാരത്തിന്റെ ചുമടുമായി തളർന്ന മനസ്സോടും  കണ്ണുനീരോടും കൂടെ പ്രാർത്ഥനയിലൂടെ അങ്ങയുടെ സമാശ്വാസം സ്വന്തമാക്കുവാൻ ഈ രാത്രിയിൽ ഞങ്ങൾ അണഞ്ഞിരിക്കുന്നു. എത്ര അധ്വാനിച്ചിട്ടും രക്ഷപെടാനാവാത്ത ജീവിതവും സാമ്പത്തിക ബാധ്യതകളും ഞങ്ങൾക്കു സമ്മാനിക്കുന്നത് എന്നും ഉറക്കമില്ലാത്ത രാത്രികളാണ്. അതിൽ നിന്നൊരു മോചനം ആഗ്രഹിച്ചു കൊണ്ടാണ് എല്ലാ ബുദ്ധിമുട്ടുകളെയും അവഗണിച്ചു കൊണ്ട് പുറം നാടുകളിലെ ജോലിസാധ്യതകളിലേക്ക് നമ്മുടെ സഹോദരങ്ങൾ ചെന്നെത്തുന്നത്. എന്നാൽ കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി പ്രിയപ്പെട്ടവരിൽ നിന്നും അകന്നു നിൽക്കേണ്ടി വരുന്നതിന്റെ പ്രയാസങ്ങളോടൊപ്പം അപകടകരമായ ജോലി സാഹചര്യങ്ങളും അവരുടെ ജീവനും ജീവിതത്തിനും ഭീഷണിയാകുന്നു.

മരണഭീതിയിൽ കഴിയേണ്ടി വരുമ്പോഴും നാട്ടിൽ അവരുടെ അദ്ധ്വാനഫലത്തിനു വേണ്ടി കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെയും അവരുടെ സ്വപ്നങ്ങളെയും കുറിച്ച് ഓർത്താൽ എല്ലാം അവസാനിപ്പിച്ചു മടങ്ങി പോരാനുള്ള ധൈര്യവും  കിട്ടാതെ കഴിയുന്നവരും ഉണ്ട്.
ഈശോയേ... സ്വന്തം ജീവന്റെ സുരക്ഷയെ അവഗണിച്ചു കൊണ്ട് കുടുംബങ്ങളുടെ ഉപജീവനത്തിനു വേണ്ടി അന്യ നാടുകളിൽ ജോലി ചെയ്യുന്ന എല്ലാ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു.

എല്ലാ അപകട സാഹചര്യങ്ങളിൽ നിന്നും കാത്തു രക്ഷിച്ച്  അങ്ങയുടെ സുരക്ഷിത സങ്കേതത്തിലേക്ക് അവരെ ചേർത്തണയ്ക്കേണമേ. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അങ്ങയോടൊപ്പം ചേർന്നു നിന്നു കൊണ്ട് അതിജീവിക്കാനുള്ള കരുത്തും കൃപയും അവർക്കു നൽകണമേ.


പ്രത്യാശയോടെ ഒന്നുചേർന്ന് ജീവിതത്തിന്റെ സമാധാന പൂർണമായ ദിനങ്ങളെ സ്വന്തമാക്കാനുള്ള അനുഗ്രഹവും അവർക്കു നൽകിയരുളേണമേ...  ആമേൻ

Tags

Share this story

From Around the Web