ഉറങ്ങും മുൻപ്.........പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ

 
prayer

ഉറങ്ങും മുൻപ്.........
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ

ആരാധനയും സ്തുതിയും
കാരുണ്യവാനായ ദൈവത്തിന്... ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ... ഈ മനോഹരമായ സന്ധ്യയിൽ അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ ഒരുമിച്ചുകൂടുന്നു. പകൽ മുഴുവൻ ഞങ്ങളെ കാത്തുപരിപാലിച്ച അങ്ങയുടെ അളവറ്റ കൃപകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. സൂര്യൻ അസ്തമിക്കുകയും രാത്രിയുടെ യാമങ്ങൾ ആരംഭിക്കുകയും ചെയ്യുമ്പോൾ, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ സമാധാനത്താൽ നിറയ്ക്കണമേ. അവിടുന്ന് ഞങ്ങൾക്ക് നൽകിയ ആരോഗ്യത്തിനും, കരുണക്കും കുടുംബത്തിനും നൽകിയ എല്ലാ നന്മകൾക്കും ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

വചന ധ്യാനം

കർത്താവേ, അങ്ങയുടെ പരിശുദ്ധ വചനത്തിലൂടെ അവിടുന്ന് ഞങ്ങളോട് സംസാരിക്കുന്നു:

"എഴുതപ്പെട്ടിരിക്കുന്നതുപോലെ.
'അവന്‍ വാരി വിതറി. അവന്‍ ദരിദ്രര്‍ക്കു ദാനംചെയ്‌തു. അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു." 
 2 കോറിന്തോസ്‌  9 : 9

അതെ ദൈവമേ, അവിടുന്ന് വാരി വിതറുന്ന ദൈവമാണ്. അങ്ങയുടെ അനുഗ്രഹങ്ങളും സ്നേഹവും കരുണയും ഞങ്ങളുടെ മേൽ അവിടുന്ന് സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളതെല്ലാം അങ്ങയുടെ ദാനമാണ്. ആ നന്മകൾ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഉദാരമനസ്സ് ഞങ്ങൾക്ക് നൽകണമേ. ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സഹായിക്കാനും, അങ്ങയുടെ നീതി ഞങ്ങളുടെ ജീവിതത്തിലൂടെ ഈ ലോകത്തിൽ പ്രകടിപ്പിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങയുടെ നീതി എന്നേക്കും നിലനിൽക്കുന്നതുപോലെ, ഞങ്ങളുടെ സൽപ്രവൃത്തികളും അങ്ങയുടെ തിരുമുമ്പിൽ വിലയുള്ളതായി മാറട്ടെ.
പാപപ്പൊറുതി
ഈ പകൽസമയത്ത് ഞങ്ങളുടെ ചിന്തകളാലോ, വാക്കുകളാലോ, പ്രവർത്തികളാലോ അങ്ങയുടെ തിരുമനസ്സിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ തെറ്റുകളെയും കുറവുകളെയും അങ്ങയുടെ വിലയേറിയ രക്തത്താൽ കഴുകി വെടിപ്പാക്കണമേ. ഒരു പുതിയ ഹൃദയവും നിർമ്മലമായ ആത്മാവും ഞങ്ങളിൽ സൃഷ്ടിക്കണമേ.
യാചനകളും സമർപ്പണവും
കർത്താവേ, ഈ രാത്രികാലത്ത് ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ ഭവനത്തെ എല്ലാ തിന്മകളിൽ നിന്നും, രോഗങ്ങളിൽ നിന്നും, അപകടങ്ങളിൽ നിന്നും കാത്തുസൂക്ഷിക്കണമേ. ഭയവും ഉത്കണ്ഠയും അകറ്റി, അങ്ങയുടെ പരിശുദ്ധാത്മാവിന്റെ സമാധാനം ഞങ്ങൾക്ക് നൽകണമേ. രോഗികളായിരിക്കുന്നവരെയും, സങ്കടപ്പെടുന്നവരെയും, ആരുമില്ലാതെ ഒറ്റപ്പെട്ടുപോയവരെയും അവിടുന്ന് ആശ്വസിപ്പിക്കണമേ. അങ്ങയുടെ നീതിയും കരുണയും അവർ അനുഭവിച്ചറിയട്ടെ.
സുഖകരമായ ഉറക്കവും പ്രശാന്തമായ ഒരു രാത്രിയും ഞങ്ങൾക്ക് പ്രധാനം ചെയ്യണമേ. നാളെ രാവിലെ സന്തോഷത്തോടെ ഉണർന്ന് അങ്ങയെ സ്തുതിപ്പാൻ ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ട് ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി നന്ദി പറയുന്നു.
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോമിശിഹാ വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുണ... ആമേൻ

1 സ്വർഗ്ഗസ്ഥനായ പിതാവേ...
1 നന്മനിറഞ്ഞ മറിയമേ...
1 പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി... ആമേൻ

Tags

Share this story

From Around the Web