ഉറങ്ങും മുന്‍പ്.........ഞാന്‍ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു.

 
prayer



 കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ... ഞങ്ങളുടെ അഭയസങ്കേതവും, അനര്‍ത്ഥങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കുന്നവനുമായ അങ്ങയുടെ സന്നിധിയിലേക്ക് ഞങ്ങളണഞ്ഞിരിക്കുന്നു. ഈശോയേ... ഞങ്ങള്‍ക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനും, ജീവിതലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള പക്വതയും സ്വാതന്ത്ര്യവും ഈ ജീവിതത്തില്‍ കൈമുതലായി ലഭിച്ചിട്ടുണ്ട്. എങ്കിലും എല്ലാത്തിലും ഉപരിയായി അങ്ങയുടെ സഹായം ഞങ്ങള്‍ക്കാവശ്യമാണ്. പലപ്പോഴും അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുമ്പോള്‍ പ്രാര്‍ത്ഥനയിലൂടെ അങ്ങയുടെ സഹായം ഞങ്ങള്‍ തേടിയെത്താറുണ്ട്. പലപ്പോഴും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ഞങ്ങളുടെ ആഗ്രഹം സാധിച്ചു കിട്ടാറുണ്ടെങ്കിലും ചില അവസരങ്ങളില്‍ എന്താണിനിയും ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാതിരിക്കുന്നത് എന്ന ആകുലതയിലും വിഷമസ്ഥിതിയിലുമൊക്കെ ഞങ്ങളും എത്തിച്ചേരുന്ന, അത്രത്തോളം കാലതാമസം ഞങ്ങളുടെ പ്രാര്‍ത്ഥന നിവര്‍ത്തിയായി തീരുന്നതിന് വേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ ഞങ്ങള്‍ മടുത്തിട്ട് പ്രാര്‍ത്ഥന നിര്‍ത്തിയിട്ടുണ്ടാവാം അല്ലെങ്കില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനാവിഷയം പോലും ഞങ്ങള്‍ മറന്നു പോയിട്ടുണ്ടാവാം. പക്ഷേ അപ്രതീക്ഷിതമായി ഞങ്ങളെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് അങ്ങ് ഞങ്ങളുടെ ആവശ്യം സാധിച്ചു തരുമ്പോള്‍ ഞങ്ങള്‍  തിരിച്ചറിയും. മടുത്തതും മറന്നതും ഞങ്ങള്‍ മാത്രമായിരുന്നുവെന്ന്.   ഈശോയേ... പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാതെ വരുമ്പോള്‍ അതുവരെ കിട്ടിയ അനുഗ്രഹങ്ങളെ മറന്ന് പരാതിയും പരിഭവങ്ങളും കൊണ്ട് ഞങ്ങളങ്ങയെ വീര്‍പ്പുമുട്ടിക്കും എന്നറിഞ്ഞിട്ടും ഞങ്ങള്‍ക്കുവേണ്ടിയുള്ള ഉചിതമായ സമയത്തിനു വേണ്ടി അങ്ങ് കാത്തിരിക്കുകയും,  തരികയും ചെയ്യുന്നുവല്ലോ. ഞങ്ങളുടെ മുടിയിഴകളെ പോലും എണ്ണി തിട്ടപ്പെടുത്തുകയും. അനുനിമിഷം അങ്ങയുടെ ഉള്ളം കൈയ്യില്‍ ഞങ്ങളെ കരുതുകയും ചെയ്യുന്ന അങ്ങയുടെ അചഞ്ചലമായ സ്‌നേഹത്തിനു പകരം നല്‍കാന്‍ അമൂല്യമായതൊന്നും ഞങ്ങളിലില്ല നാഥാ... ഇനിയെങ്കിലും ഞങ്ങളാഗ്രഹിക്കുന്ന സമയത്തു തന്നെ അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും, ഞങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചു തരികയും ചെയ്യണമെന്നുള്ള അനാവശ്യ വാശി ഉപേക്ഷിക്കാനുള്ള കൃപ നല്‍കി ഞങ്ങളെ അനുഗ്രഹിക്കേണമേ. അപ്പോള്‍ ഉചിതമെന്നു തോന്നുമ്പോള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരവുമായി അണയുന്ന അങ്ങയെ പ്രത്യാശ നിറഞ്ഞ ഹൃദയത്തോടെയും ഉണര്‍വ്വോടെയും ഞങ്ങള്‍ കാത്തിരിക്കുക തന്നെ ചെയ്യും... ആമേന്‍

Tags

Share this story

From Around the Web