ഉറങ്ങും മുൻപ്.........അവിടുന്നു ദരിദ്രനെ പൊടിയില്‍ നിന്ന് ഉയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍ നിന്ന് ഉദ്ധരിക്കുന്നു
കാരുണ്യവാനും സ്നേഹനിധിയുമായ ഞങ്ങളുടെ നല്ല ദൈവമേ... പകൽ മുഴുവൻ അവിടുന്ന് ഞങ്ങൾക്ക് നൽകിയ എല്ലാ നന്മകൾക്കും കരുതലിനും ഞങ്ങൾ നന്ദി പറയുന്നു. ഈ സന്ധ്യാസമയത്ത്, അങ്ങയുടെ സന്നിധിയിലേക്ക് ഞങ്ങളുടെ ഹൃദയങ്ങളിലെ ഭാരങ്ങൾ ഇറിക്കി വയ്ക്കുന്നു.
നാഥാ, അങ്ങയുടെ വചനം ഞങ്ങളെ ഓർമ്മിപ്പിക്കുന്നുവല്ലോ: "അവിടുന്നു ദരിദ്രനെ പൊടിയില്‍ നിന്ന് ഉയര്‍ത്തുന്നു; അഗതിയെ ചാരക്കൂനയില്‍ നിന്ന് ഉദ്ധരിക്കുന്നു." ദൈവമേ, അങ്ങയുടെ ഈ വലിയ വാഗ്ദാനത്തിൽ ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ തകർച്ചകളിലും, ശൂന്യതകളിലും, സങ്കടങ്ങളിലും ഞങ്ങളെ കൈപിടിച്ചുയർത്താൻ അങ്ങേക്കല്ലാതെ മറ്റാർക്കും സാധിക്കുകയില്ല.
പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികൾ കാരണം ഞങ്ങൾ ആത്മീയമായും മാനസികമായും തളർന്നുപോകാറുണ്ട്. ലോകത്തിന്റെ മുൻപിൽ ഞങ്ങൾ നിസ്സാരരോ ആരുമില്ലാത്തവരോ ആയി തീരുമ്പോൾ, അവിടുന്ന് ഞങ്ങളെ കാണുന്നുവെന്ന ബോധ്യം ഞങ്ങൾക്ക് നൽകണമേ. ഞങ്ങളുടെ പാപങ്ങളുടെയും പരാജയങ്ങളുടെയും ചാരക്കൂനകളിൽ നിന്ന് ഞങ്ങളെ കഴുകി വിശുദ്ധീകരിച്ച്, അങ്ങയുടെ മക്കളുടെ പദവിയിലേക്ക് അവിടുന്ന് ഞങ്ങളെ ഉയർത്തണമേ.
ഞങ്ങളുടെ കുടുംബത്തെയും ഈ സന്ധ്യയിൽ അങ്ങയുടെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു.
ഞങ്ങളുടെ കുറവുകളെല്ലാം അങ്ങയുടെ കൃപയാൽ നികത്തണമേ. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും, രോഗങ്ങളാൽ വലയുന്നവർക്കും, ഹൃദയം തകർന്നിരിക്കുന്നവർക്കും അങ്ങയുടെ വചനം ഒരു വലിയ പ്രത്യാശയായി മാറട്ടെ. അങ്ങയുടെ കരുണയുടെ കരം നീട്ടി അവരെയെല്ലാം ആശ്വസിപ്പിക്കുകയും ഉയർത്തുകയും ചെയ്യണമേ.
ഈ രാത്രിയിൽ അങ്ങയുടെ സ്വർഗ്ഗീയ ദൂതന്മാരുടെ കാവൽ ഞങ്ങൾക്ക് നൽകണമേ. ഭയങ്ങളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. നാളത്തെ പുതിയ പുലരിയിലേക്ക് പ്രത്യാശയോടെയും സന്തോഷത്തോടെയും ഉണരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോമിശിഹാ വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളണമേ... ആമേൻ
1 സ്വർഗ്ഗസ്ഥനായ പിതാവേ...
1 നന്മനിറഞ്ഞ മറിയമേ...
1 പിതാവിനും പുത്രനും...