ഉറങ്ങും മുൻപ്...ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്റെ തേജസ്സു വെളിപ്പെടുത്തും.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ... ആമേൻ
കാരുണ്യവാനായ ഞങ്ങളുടെ ദൈവമേ... അവിടുന്ന് ഞങ്ങൾക്ക് സൗജന്യമായി നൽകിയ ഈ മനോഹരമായ പകൽ സമയത്തിന് ഞങ്ങൾ നന്ദി പറയുന്നു. ഈ സന്ധ്യാനേരത്ത്, അങ്ങയുടെ സന്നിധിയിലേക്ക് ഞങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളെ വിട്ടു തരുന്നു. അവിടുന്ന് അങ്ങയുടെ വിശുദ്ധ വചനത്തിലൂടെ ഞങ്ങൾക്ക് തന്ന വലിയ വാഗ്ദാനം ഞങ്ങളുടെ ഹൃദയങ്ങൾക്ക് ശക്തി പകരട്ടെ. കർത്താവേ, ഇരുൾ പരക്കുന്ന ഈ യാമത്തിൽ അങ്ങയുടെ ആ സ്വർഗ്ഗീയ തേജസ്സ് ഞങ്ങളുടെ ജീവിതങ്ങളിലും ഞങ്ങളുടെ കുടുംബങ്ങളിലും വെളിപ്പെടുത്തണമേ.ഞങ്ങളുടെ ഹൃദയങ്ങളിലെ ഭയത്തെയും ആശങ്കകളെയും മാറ്റി, അങ്ങയുടെ മഹിമയുടെ പ്രകാശം നിറയ്ക്കണമേ. ഈ രാത്രിയിൽ ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും അങ്ങയുടെ ചിറകിൻ കീഴിൽ ഒളിപ്പിച്ചു കാത്തുകൊള്ളണമേ. ദൈവീക തേജസ്സിന്റെ വലയത്താൽ ഞങ്ങളെ സംരക്ഷിക്കണമേ.ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും തളർച്ചകളിലും അങ്ങയുടെ മഹത്വം പ്രകടിപ്പിച്ചുകൊണ്ട്, അങ്ങാണ് ഞങ്ങളുടെ രക്ഷകനും ദൈവവുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമേ. സമാധാനപൂർണ്ണമായ ഉറക്കവും അനുഗ്രഹീതമായ ഒരു പുലരിയും ഞങ്ങൾക്ക് പ്രധാനം ചെയ്യണമേ. ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളണമേ... ആമേൻ