ഉറങ്ങും മുന്‍പ്.........എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും
ഞങ്ങളെ രക്ഷിച്ച് അനുഗ്രഹിക്കുന്ന ഈശോ തമ്പുരാനെ...ഞങ്ങള്‍ വിളിക്കും മുന്‍പേ ഞങ്ങള്‍ക്കുത്തരമരുളുന്ന ഈശോ നാഥാ അങ്ങയെ മഹത്വപ്പെടുത്തുവാന്‍ ഒരു ദിവസം കൂടി ദാനമായി നല്‍കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ.
അവിടുത്തെ സ്‌നേഹവും കരുണയും ഞങ്ങളെ പിന്തുടരുന്നതിനായി അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു, സ്തുതിക്കുന്നു. കര്‍ത്താവേ അങ്ങ് ഞങ്ങളെ ഇത്രമാത്രം കരുതുവാന്‍ യാതൊരു യോഗ്യതയും ഞങ്ങളിലില്ല. സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞു നില്‍ക്കുന്ന അങ്ങ് ഈ കാലിത്തൊഴുത്തില്‍ ഉണ്ണിയായി കിടക്കുന്നതു കാണുമ്പോള്‍ കര്‍ത്താവേ ഇത്രയും ചെറുതായി ഞങ്ങളെ ഇത്രത്തോളം സ്‌നേഹിക്കുവാന്‍ അങ്ങേയ്ക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക.
അവിടുന്ന് ഞങ്ങളെ സ്‌നേഹിക്കുന്നു എന്നത് തന്നെയാണ് ഞങ്ങളുടെ സന്തോഷത്തിന്റ കാരണംകര്‍ത്താവേ ഇതാ ഞങ്ങള്‍ ഞങ്ങളെത്തന്നെ സമര്‍പ്പിക്കുന്നു. അവിടുത്തെ തിരുമനസ്സ് ഞങ്ങളിലും ഞങ്ങളുടെ കുടുംബത്തിലും ഞങ്ങളുടെ ദേശത്തിലും നിറവേറട്ടേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങ് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ പൂര്‍ത്തിയാകട്ടെ.
ഞങ്ങളുടെ കര്‍ത്താവേ ഇന്നത്തെ ഞങ്ങളുടെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തിയെയും അങ്ങേയ്ക്കു ഞങ്ങള്‍ നല്‍കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ എല്ലാം വിശുദ്ധീകരിക്കുകയും നയിക്കുകയും ചെയ്യണമേ. അവിടുത്തെ കരം ഞങ്ങളുടെമേല്‍ ഉണ്ടായിരിക്കട്ടെ.
ഞങ്ങളുടെ പ്രാര്‍ത്ഥന നിയോഗങ്ങളില്‍ അവിടുത്തെ ഹിതം സംഭവിക്കട്ടെ. പരിശുദ്ധ അമ്മയും വിശുദ്ധ ഔസേപ്പ് പിതാവും എപ്പോഴും ഞങ്ങള്‍ക്ക് മാദ്ധ്യസ്ഥം വഹിക്കട്ടെ... ആമേന്‍