ഉറങ്ങും മുന്‍പ്......... ഞാനിന്നു കല്‍പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്; അന്യദേവന്‍മാരെ അനുഗമിക്കുകയോ സേവിക്കുകയോ അരുത്

 
prayer


കര്‍ത്താവായ ഞങ്ങളുടെ നല്ല ദൈവമേ... ജീവജലത്തിന്റെ ഉറവയായ നല്ല തമ്പുരാനേ. ഞങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനും ഈശോയെ അങ്ങ് ഈ ലോകത്ത് വന്നു ജനിച്ചുവല്ലോ. 

ഞങ്ങളുടെ ഇല്ലായിമകളുടെ ലോകത്ത് അങ്ങ് സ്‌നേഹം കൊണ്ട് നിറക്കണമേ. എന്തെന്നാല്‍ അവിടുത്തെ സ്‌നേഹത്താല്‍ ഞങ്ങളുടെ ആന്തരീകമുറിവുകള്‍ ഉണങ്ങുമല്ലോ. ഞങ്ങളിലെ ശൂന്യത നീക്കി ഞങ്ങളെ നേടിയെടുക്കണമേ. ഞങ്ങള്‍ക്കായി തകര്‍ക്കപ്പെട്ട ഈശോയെ. അങ്ങേക്കായി നല്‍കുവാന്‍ ഈ ജീവിതം അങ്ങ് വിശുദ്ധീകരിക്കണമേ. 

ഞങ്ങളും ഞങ്ങള്‍ക്കുള്ളതും തമ്പുരാന്റെ ദാനമാണല്ലോ. മറ്റുള്ളവര്‍ക്കായി ജീവിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം നല്‍കണമേ. ഞങ്ങളുടെത്. ഞങ്ങളുടെ സ്വന്തം എന്നീ സ്വാര്‍ത്ഥതകള്‍ ഞങ്ങളില്‍ ഉണ്ടെങ്കില്‍ അവയെല്ലാം ഈ നിമിഷം മായ്ക്കപ്പെടുമാറാകട്ടെ. നിറവിന്റെ ജീവിതം അങ്ങു പ്രദാനം ചെയ്യണമേ. നിത്യമായ സന്തോഷം ദൈവമായ അങ്ങേ പക്കല്‍ മാത്രമാണല്ലോ. ഭയമില്ലാതെ ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.

 ഞങ്ങളെ എതിര്‍ക്കുന്ന ശത്രുക്കളെ സ്‌നേഹം കൊണ്ട് സ്വന്തമാക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ഈ രാത്രി പ്രാര്‍ത്ഥനയില്‍ അങ്ങേ മുഖം ഞങ്ങളുടെ മനസില്‍ പതിയട്ടെ. അങ്ങയുടെ ചിരിക്കുന്ന മുഖവും വിരിച്ച കരവും ഞങ്ങള്‍ക്ക് ധൈര്യം പകരട്ടെ. ഒന്നും വേണ്ടാ ഞങ്ങള്‍ക്ക് അങ്ങ് മാത്രം മതി. 


ഈശോയെ ഞങ്ങളില്‍ വന്നു നിറയണമേ. ഞങ്ങള്‍ സമാധാനത്തില്‍ ഉറങ്ങട്ടെ. ഉള്ളില്‍ അങ്ങ് ഉണ്ടെന്ന ബോധ്യം ഞങ്ങള്‍ക്ക് വലിയ ശക്തിയാണ്. അതൊന്നുമാത്രം മതിയല്ലോ നാഥാ. നാളെയെ പ്രത്യാശയോടെ കാത്തിരിക്കുവാന്‍... അമ്മേ മാതാവേ, യൗസേപ്പിതാവേ കാവലായിരിക്കണമേ..ആമേന്‍

Tags

Share this story

From Around the Web