ഉറങ്ങും മുന്‍പ്.........നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുന്‍പില്‍ നടക്കും
ഞങ്ങളുടെ നല്ല ഈശോയെ... അങ്ങയെ ഞങ്ങള്‍ സ്തുതിച്ചു പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തില്‍ സഹനങ്ങളുടെ നിമിഷങ്ങള്‍ കടന്നു വരുമ്പോള്‍ പലപ്പോഴും ഞങ്ങള്‍ അവിടുത്തെ വിട്ട് അകന്നു പോകുന്നു. ഭൂമിയിലേയ്ക്ക് ജനിക്കുവാന്‍ ഇടം പോലും ലഭിയ്ക്കാത്ത അവസ്ഥയില്‍ ദൈവ പുത്രന്‍ കടന്നു വന്നിട്ടും, ആദ്യ ദിനങ്ങളില്‍ തന്നെ ശിശുവിനെയും കൊണ്ട് പലായനം ചെയ്യേണ്ടി വന്നിട്ടും തിരുകുടുംബം അങ്ങയുടെ തീരുമാനത്തോട് പ്രതികൂലമായി നിലകൊണ്ടില്ല. ദൈവത്തെ തള്ളി പറഞ്ഞതുമില്ല. പിതാവേ, തിരുകുടുംബത്തിന്റെ മാതൃകയിലുള്ള ദൈവ വിശ്വാസം ഞങ്ങളില്‍ വളര്‍ന്നു വരുവാന്‍ അവിടുന്ന് കൃപ നല്കണമേ. ഞങ്ങളുടെ ജീവിതത്തില്‍ ഇന്ന് വരെ കടന്നു വന്നിട്ടുള്ള എല്ലാ സഹനങ്ങളെയും അവിടുത്തെ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ദൈവമേ ഓരോ സഹനത്തെയും അവിടുന്ന് അനുഗ്രഹമാക്കി മാറ്റണമേ. സ്വര്‍ഗ്ഗ രാജ്യത്തില്‍ ഞങ്ങളുടെ സമ്പത്തു വര്‍ദ്ധിപ്പിക്കുവാന്‍ സഹനങ്ങള്‍ ഞങ്ങള്‍ക്ക് ഉപകാരമായി മാറട്ടെ. നാഥാ, സഹിക്കുവാന്‍ ആകാത്ത വേദനകള്‍ അവിടുന്ന് ഞങ്ങള്‍ക്ക് നല്‍കരുതേ. വേദനയുടെ നിമിഷങ്ങളില്‍ അവിടുത്തെ വിളിച്ചു അപേക്ഷിക്കുമ്പോള്‍ ഇതാ ഞാന്‍ എന്ന് അവിടുന്ന് മറുപടി നല്‍കണമേ. ഭയത്തിന്റെയും സങ്കടത്തിന്റെയും അവസ്ഥകളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ. സ്വര്‍ഗ്ഗത്തിന്റെ സന്തോഷത്തില്‍ ആയിരിക്കുവാന്‍ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ... ആമേന്‍