ഉറങ്ങും മുൻപ്..........
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 37 : 5

 
prayer

കരുണാസമ്പന്നനായ ഞങ്ങളുടെ നല്ല ഈശോയേ... ഈ ദിവസത്തിന്റെ അധ്വാനങ്ങളും പ്രതീക്ഷകളും അനുഭവങ്ങളും പിന്നിട്ട് ഈ രാത്രിയിൽ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ അണയുന്നു. കർത്താവേ, ഞങ്ങൾ ആഗ്രഹിച്ചതെല്ലാം ജീവിതത്തിൽ ലഭിച്ചിട്ടില്ല. ഞങ്ങൾ പ്രതീക്ഷിച്ച പല വാതിലുകളും തുറന്നിട്ടില്ല. ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാൻ ചിലപ്പോൾ ഏറെ കാത്തിരിക്കേണ്ടിവരുന്നു. എങ്കിലും അങ്ങയുടെ പദ്ധതികൾ ഞങ്ങളുടെ ആഗ്രഹങ്ങളെക്കാൾ ശ്രേഷ്ഠമാണെന്ന് വിശ്വസിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ. ഈശോയേ, ഞങ്ങൾക്ക് മാറ്റാൻ കഴിയാത്ത സാഹചര്യങ്ങളെ സ്വീകരിക്കാനുള്ള മനസ്സും, മാറ്റേണ്ട കാര്യങ്ങളെ തിരുത്താനുള്ള ധൈര്യവും, ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള വിവേകവും നൽകണമേ. ഞങ്ങളെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാനും ഞങ്ങളെ അവഗണിച്ചവരോട് സ്നേഹത്തോടെ പെരുമാറുവാനും ഞങ്ങളുടെ നന്മ ആഗ്രഹിക്കാത്തവർക്കുവേണ്ടിപ്പോലും പ്രാർത്ഥിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. കർത്താവേ, ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ വൈകുമ്പോൾ വിശ്വാസം നഷ്ടപ്പെടാതിരിക്കട്ടെ. പ്രതിസന്ധികൾ വർധിക്കുമ്പോൾ പ്രാർത്ഥന ഉപേക്ഷിക്കാതിരിക്കട്ടെ. പരാജയങ്ങൾ സംഭവിക്കുമ്പോൾ വീണ്ടും എഴുന്നേൽക്കാനുള്ള ശക്തി അങ്ങ് നൽകണമേ. ഇന്നത്തെ ഈ രാത്രിയിൽ പ്രത്യേകമായി ജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടവരെയും ആരോടും പറയാനാവാത്ത സങ്കടങ്ങളുമായി കഴിയുന്നവരെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. അവരുടെ ജീവിതത്തിൽ പുതിയ പ്രത്യാശയുടെ പ്രകാശം തെളിയിക്കണമേ. നല്ല ഈശോയേ, ഞങ്ങൾ ചോദിക്കുന്നതെല്ലാം നൽകണമെന്നല്ല, ഞങ്ങൾക്ക് നന്മയായിരിക്കുന്നത് തിരിച്ചറിയാനും അങ്ങ് നൽകുന്നതെല്ലാം നന്ദിയോടെ സ്വീകരിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ. ഈ രാത്രിയിൽ ഞങ്ങളുടെ ജീവിതവും കുടുംബവും ഭാവിയും അങ്ങയുടെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ ഇഷ്ടമല്ല, അങ്ങയുടെ ഹിതം ഞങ്ങളുടെ ജീവിതത്തിൽ നിറവേറട്ടെ... പിതാവും പുത്രനും പരിശുദ്ധാത്മവുമായ സർവേശ്വര എന്നേക്കും... ആമേൻ

Tags

Share this story

From Around the Web