ഉറങ്ങും മുൻപ്.........
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും
ഞങ്ങളെ കരുതുന്ന നല്ല ദൈവമേ...
ഇതാണു വഴി ഇതിലേ പോകുക എന്ന വചനം കേൾക്കുവാൻ കഴിയും വിധം ഞങ്ങളുടെ അടഞ്ഞ കാതുകളെ തുറക്കേണമേ നാഥാ. നീറുന്ന പ്രശ്നങ്ങളുമായി ഞങ്ങൾ ഇന്ന് പ്രാർത്ഥിക്കുവാൻ ഒത്തുചേർന്നിരിക്കുന്നു. ഈ ജീവിതത്തിന്റെ സൗന്ദര്യം നുകരാൻ അങ്ങേ സ്നേഹവും സമാധാനവും ഞങ്ങൾക്ക് കൂടിയേ തീരൂ. എങ്ങോട്ടെന്നില്ലാതെ പായുന്ന മനസിനെ അങ്ങേ പ്രത്യാശയിലേക്ക് തിരിച്ചുവിടേണമേ. വിശുദ്ധിയില്ല എങ്കിൽ ഒന്നുമില്ല. മക്കളിലേക്കും വരും തലമുറയിലേക്കും വിശുദ്ധിയുടെ പാഠങ്ങൾ നൽകുന്ന മാതൃകയാക്കി എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ. അനാവശ്യമായ കെട്ടുബന്ധങ്ങളിൽ നിന്നും തകർച്ചകളിൽ നിന്നും ഞങ്ങളെ മോചിക്കുവാൻ വരേണമെ നാഥാ. പ്രശ്നങ്ങളിൽ ഉഴലുന്നവർ, വഴി കാണാതെ, പരിഹാരമില്ലെന്ന് ഉറപ്പായ പ്രശ്നങ്ങൾക്ക് മേൽ തമ്പുരാനേ മിഴി തുറക്കണമേ. സമാധാനമില്ലാതെയും സന്തോഷമില്ലാതെയും ആരെങ്കിലും ഈ നിമിഷം പ്രാർത്ഥനയിൽ പങ്കുചേരുന്നെങ്കിൽ തിരുരക്തത്തിന്റെ അമൂല്യമായ സംരക്ഷണം അവരിൽ നിറയട്ടെ. നിത്യം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ... ആമേൻ