ഉറങ്ങും മുൻപ്......
വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ഥിച്ചു തീരും മുന്‍പേ ഞാന്‍ അതു കേള്‍ക്കും
കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ... ഞങ്ങൾക്ക് ഒപ്പം ഇന്നലെ ഉറങ്ങിയ എത്രയോ പേർ ഉണർന്നില്ല. തലചായ്ക്കാൻ ഒരു ഭവനം ഇല്ലാതെ, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്ന എത്രയോ മക്കൾ.
തൊഴിൽ പ്രതിസന്ധിയിൽ കഷ്ടപ്പെടുന്നവർ, രോഗത്താൽ വേദനിക്കുന്നവർ എന്നിങ്ങനെ പലവിധത്തിൽ കഷ്ടപ്പെടുന്ന മക്കളെക്കാളും ഞങ്ങളെ കരുതി പരിപാലിക്കുന്ന ദൈവമേ അങ്ങയെ ഞങ്ങൾ നന്ദിയോടെ സ്തുതിക്കുന്നു. ചില നേരങ്ങളിൽ പല ആവശ്യങ്ങളുമായി ഞങ്ങൾ അങ്ങയുടെ മുൻപിൽ വന്നു. അനുഗ്രഹത്തിന്റെ കൈകൾ നീട്ടി അവിടുന്ന് ഞങ്ങളെ സ്വീകരിച്ചു.
കുറച്ചു ദിനങ്ങൾക്ക് ശേഷം ഞങ്ങൾ അവിടുന്ന് നൽകിയ അനുഗ്രഹത്തെ മറന്നു. അത് ജീവിതത്തിലെ യാദൃച്ഛികത മാത്രമാണെന്ന് കരുതി. ആവശ്യങ്ങളുടെ സമയത്തു തീക്ഷ്ണമായി പ്രാർത്ഥിച്ചു കൊണ്ട് അങ്ങയുടെ സന്നിധിയിൽ ആയിരുന്നു.
എന്നാൽ ആഗ്രഹങ്ങൾ നിറവേറിയപ്പോൾ തിരിച്ചു വരാത്ത കുഷ്ഠരോഗിയെ പോലെ അങ്ങയുടെ സന്നിധിയിൽ നിന്നും ഞങ്ങൾ ഓടി അകന്നു. ഈശോയെ പരിശുദ്ധാത്മാവിന്റെ ജ്ഞാനം ഞങ്ങൾക്ക് നൽകണമേ. യഥാർത്ഥ നേട്ടമായ ദൈവസ്നേഹവും, ദൈവാനുഭവവും ഞങ്ങൾക്ക് ഒരിക്കലും നഷ്ടപ്പെടുവാൻ ഇടയാക്കരുതേ. ഓരോദിനവും ദൈവ സ്നേഹത്തിനു നന്ദിയർപ്പിച്ചു കൊണ്ട് ഞങ്ങളുടെ പ്രവർത്തികൾ ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും അനുഗ്രഹം നൽകണമേ... ആമേൻ