ഉറങ്ങും മുൻപ്.........എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ!എന്റെപാപത്തില്‍ നിന്ന് എന്നെ ശുദ്‌ധീകരിക്കണമേ!
ഞങ്ങളുടെ രക്ഷകനും പരിപാലകനുമായ ഈശോനാഥാ... പാപികളും നിസ്സാരരുമായ ഞങ്ങൾക്ക് നവജീവൻ നൽകുവാൻ എഴുന്നള്ളി വരേണമേ. അങ്ങ് ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സ്നേഹത്തിന്റെ പൂർണ്ണത ദൈവസ്നേഹത്തിൽ മാത്രമാണ്. മനുഷ്യർക്ക് അസാധ്യമാം വിധം അങ്ങ് ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ എളിയവർക്ക് വെളിപ്പെടുത്തിയല്ലോ. വിശ്വസിക്കുന്നവർക്ക് അങ്ങേ ദർശ്ശിക്കുവാനും അങ്ങിൽ ജീവിക്കുവാനും അങ്ങ് അപ്പത്തോളം ചെറുതായി. എങ്കിലും ദൈവമേ ഞങ്ങളെ ഇത്രമാത്രം പരിഗണിക്കുവാൻ അടിയങ്ങളിൽ എന്താണു യോഗ്യത? ഈ രാത്രിയിൽ അങ്ങയുടെ കരുണയുടെ മുഖം ഞങ്ങൾ കാണുന്നു. ആരൊക്കെ ഉണ്ടെങ്കിലും ദൈവസ്നേഹമില്ലെങ്കിൽ ഞങ്ങൾ ശൂന്യമാണ്. ഒന്നിലും തൃപ്തിയോ സന്തോഷമോ ഇല്ലാത്ത നാളുകൾ വരും മുൻപേ. ഈശോയിൽ ജീവിച്ച് മഹത്വമാർജ്ജിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. കിട്ടാത്ത കാര്യങ്ങളുടെ പട്ടിക ഞങ്ങളുടെ ജീവിതത്തിൽ ഇനിയുണ്ടാകില്ല. ഈശോ ഉണ്ടെങ്കിൽ എല്ലാം ഉണ്ട്. കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. ഞങ്ങളുടെ മേലും കുടുംബങ്ങളുടെ മേലും അങ്ങേ സ്നേഹം ചൊരിയണമേ. ഞങ്ങളെ രക്ഷിക്കുവാൻ കഴിയുന്ന ദൈവകരങ്ങളിൽ ഞങ്ങൾ ആശ്രയം വെച്ചിരിക്കുന്നു. ഈ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന അങ്ങയുടെ സ്നേഹത്തിൽ ഞങ്ങൾ വിലയം പ്രാപിക്കുന്നു. നസ്രായനായ യേശുവേ ദാവീദിന്റെ പുത്രാ. ഞങ്ങൾക്ക് നീതി നടത്തിത്തരണമേ. ഞങ്ങളുടെ ശത്രുക്കളുടെ ആക്രമണങ്ങളിൽ ഞങ്ങൾക്ക് രക്ഷ പ്രദാനം ചെയ്യണമേ. വേദനകളും പ്രയാസങ്ങളും നേരിടുമ്പോൾ ഞങ്ങളെ തനിച്ചാക്കി അകലരുതേ. ഞങ്ങളുടെ ആവശ്യങ്ങളും നിയോഗങ്ങളും അങ്ങ് മനസിലാക്കിയിട്ടുണ്ടല്ലോ. ഞങ്ങളുടെ കണ്ണുനീരും വിലാപവും അങ്ങ് ഗൗനിക്കണമേ ഈശോയെ...
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ... ആമേൻ