ഉറങ്ങും മുൻപ്.........അതിനാല്‍, നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍.
ഞങ്ങളുടെ രക്ഷകനും പരിപാലകനുമായ നല്ല ദൈവമേ... അങ്ങേ മുൻപിൽ ഞങ്ങൾ സ്രാഷ്ടാംഗം പ്രണമിക്കുന്നു. ഞങ്ങൾക്കായി മരിച്ചവൻ, ഞങ്ങൾക്കായ് ഉയർത്തവൻ, ഞങ്ങൾക്കായി ഇന്നും ജീവിക്കുന്നവൻ അങ്ങേ തിരുസന്നിധിയിൽ ഞങ്ങൾ കുമ്പിടുന്നു. അങ്ങേ തിരുമുറിവുകളാൽ ഞങ്ങളെ സുഖമാക്കണമേ. രോഗങ്ങൾ മാറട്ടെ, ആശങ്കകൾ നീങ്ങട്ടെ. അങ്ങയുടെ സ്നേഹം ഞങ്ങളിൽ നിറയട്ടെ. ഈ രാത്രിയിൽ അങ്ങയുടെ സമാധാനം ഞങ്ങളിൽ വർഷിക്കണമേ. വാക്കുമാറുന്ന മനുഷ്യർക്ക് നടുവിൽ, വഞ്ചിക്കാനും തകർക്കാനും കാത്തിരിക്കുന്ന ഞങ്ങളുടെ ശത്രുക്കൾക്ക് മുൻപിൽ ഞങ്ങളെ അങ്ങ് അവിടുത്തെ സാക്ഷിയായി ഉയർത്തണമേ. എന്നെന്നും ഞങ്ങൾക്ക് അഭയമായ ആ തിരുക്കരത്തിൽ ഞങ്ങൾ ആശ്രയിക്കുന്നു. തകർക്കപ്പെട്ടവരുടെ വേദന അവിടുന്ന് അറിയുന്നുവല്ലോ, നിരാശയുടെ അനുഭവങ്ങളിലൂടെ ഒരു സാധാരണ മനുഷ്യനെപ്പോലെ ഈശോയെ അങ്ങ് കടന്നു പോയിട്ടുണ്ടല്ലോ. ഞങ്ങളുടെ ഭാവികാലം അവിടുന്ന് മഹത്വമണിയിക്കണമേ. ഞങ്ങളുടെ പ്രയത്നങ്ങൾ ഫലദായകമാക്കണമേ. ഈശൊയെന്ന നാമത്തിന്റെ അമൂല്യയോഗ്യതയാൽ ഞങ്ങൾ വിളിക്കുന്നു. കുരിശിലെ ബലിയുടെ ശക്തിയാൽ ഞങ്ങൾക്ക് ഉയർച്ച നൽകേണമേ. നന്മയും തിന്മയും വിവേചിച്ചറിയുവാനും, സന്തോഷത്തിന്റെ ദിനങ്ങൾ അങ്ങ് തരുമെന്ന് പ്രത്യാശിക്കുവാനും ഞങ്ങൾക്ക് ഇടവരുത്തണമേ. അദ്ധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കുവാനും മറ്റുള്ളവരെ സഹോദരങ്ങളെപ്പോലെ കണ്ട് സ്നേഹിക്കുവാനും കൃപ നൽകണെ. തമ്പുരാന്റെ മക്കൾ എന്നു ഞങ്ങൾ എന്നും വിളിക്കപ്പെടുമാറാകട്ടെ... നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി... ആമേൻ