ഉറങ്ങും മുൻപ്........കര്‍ത്താവു നല്ലവനാണ്, അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും
കരുണാമയനായ ഞങ്ങളുടെ നല്ല ഈശോയെ... ഞങ്ങളുടെ ദൈവവും കർത്താവുമായ പിതാവേ, അവിടുത്തെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. മനോഹരമായ ഈ ദിവസം ഞങ്ങൾക്ക് സമ്മാനിച്ച അങ്ങയുടെ അവർണനീയമായ സ്നേഹത്തിന് ഞങ്ങൾ നന്ദി പറയുന്നു. ജീവിതത്തിൽ ഏല്ലാ കാര്യങ്ങളിലും പ്രത്യാശയും, വിശ്വാസവും ഉണ്ടാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നത് എല്ലാം നിറവേറുമെന്നു ഈശോയെ അങ്ങ് അരുളി ചെയ്തിട്ടുണ്ടല്ലോ. ദൈവഹിതത്തിനു അനുസരണമല്ലാത്ത കാര്യങ്ങൾ ആവശ്യപ്പെടുവാൻ ഞങ്ങൾക്ക് ഇടവരുത്തരുതേ. ഒരിയ്ക്കലും ഉപേക്ഷിക്കാതെ ദൈവത്തോട് ഒപ്പം ആയിരിക്കുവാനും, പ്രാർത്ഥനയിൽ അങ്ങയോടു സംസാരിക്കുവാനും ഞങ്ങളെ അനുവദിക്കണമേ. പശ്ചാത്താപവും, പാപവിമോചനവും നൽകി ഞങ്ങളുടെ ഹൃദയങ്ങളെ നന്മയിലേക്ക് ഉണർത്തണമേ.
കുദാശകൾ സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സാധിക്കുന്ന നന്മ ഏകുവാനും ഞങ്ങൾക്ക് സാധിക്കട്ടെ. മറ്റുള്ളവരെ നോക്കി ഞങ്ങളുടെ ജീവിതത്തെ താരതമ്യം ചെയ്യുവാൻ ഞങ്ങളെ അനുവദിക്കരുതേ. ആത്മാവിന്റെ സന്തോഷത്തിൽ ഇപ്പോഴും എപ്പോഴും ആയിരിക്കുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ.
ജീവിതത്തിൽ ഒന്നിലും അഹങ്കരിക്കാതെ എല്ലാം ദൈവ ദാനമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് അവിടുത്തെ സ്തുതിച്ചു ജീവിതം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുവാൻ ഞങ്ങൾക്ക് അനുഗ്രഹം നൽകണമേ... ആമേൻ