ഉറങ്ങും മുൻപ്.........കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും
കരുണാമയനായ ഞങ്ങളുടെ നല്ല ഈശോയെ... അവിടുത്തെ നന്മകളും, ദാനങ്ങളും കൊണ്ട് ഞങ്ങളുടെ ജീവിതം നിറയപ്പെടുന്നതിനെ ഓർത്തു ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. എത്ര മനോഹരമായി അവിടുന്ന് ഞങ്ങളെ രൂപപ്പെടുത്തി. അമ്മയുടെ ഉദരത്തിൽ ഞങ്ങൾ രൂപം കൊണ്ട് വളരുമ്പോൾ അവിടുത്തെ കരം ഞങ്ങളുടെ മേൽ ഉണ്ടായിരുന്നു. ഈ ലോകത്തേയ്ക്ക് ഞങ്ങൾ ജനിച്ചു വീണു. പിച്ചവച്ചു നടന്ന കാലുകൾക്ക് ഒപ്പം നടക്കുവാൻ ഞങ്ങളുടെ മാതാപിതാക്കളെയും, ബന്ധുക്കളെയും അവിടുന്ന് നിയോഗിച്ചു. കർത്താവേ, ഞങ്ങളുടെ ബാല്യകാലത്തു ഞങ്ങളെ മുറിപ്പെടുത്തിയ എല്ലാവരെയും ഓർക്കുന്നു. അറിഞ്ഞും, അറിയാതെയും ഞങ്ങളെ വേദനിപ്പിച്ച എല്ലാവരോടും ഞങ്ങൾ ഈ നിമിഷത്തിൽ പരിപൂണ്ണമായി ക്ഷമിക്കുന്നു. ഞങ്ങളുടെ വളർച്ചയുടെ സമയങ്ങളിൽ ഞങ്ങൾ ചെയ്ത തെറ്റുകളെ ഓർക്കുന്നു. ദൈവമേ പലപ്പോഴും അങ്ങിൽ നിന്ന് അകന്നാണ് ജീവിച്ചത്. ചിലപ്പോഴൊക്കെ അറിയാതെ തെറ്റ് ചെയ്‌തപ്പോൾ മറ്റു ചില സമയങ്ങളിൽ അറിഞ്ഞു കൊണ്ടും. ദൈവമേ മാപ്പ് നല്കേണമേ. അവിടുത്തെ സന്നിധിയിൽ ആയിരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതത്തെ പറ്റിയുള്ള ദൈവപദ്ധതിയിൽ പരാതി കൂടാതെ പങ്കു ചേരുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. വിശ്വാസത്തിന്റെ നെറുകയിൽ നിന്ന് കൊണ്ട് ദൈവത്തെ പ്രഘോഷിക്കുവാൻ ഞങ്ങൾക്ക് കഴിയട്ടെ. ഇന്നേ ദിവസം അവിടുന്ന് ഞങ്ങളെ ഒരു അനുഗ്രഹമാക്കി മാറ്റണമേ. ഈ ഭൂമിയിൽ സമാധാനത്തിന്റെ കാവൽ ദൂതരാകുവാൻ ഞങ്ങളെ സഹായിക്കണമേ... ആമേൻ