ഉറങ്ങും മുൻപ്.........എന്റെ കണ്ണുകള്‍ സദാകര്‍ത്താവിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവിടുന്ന് എന്റെ പാദങ്ങളെ വലയില്‍നിന്നു വിടുവിക്കും
ഞങ്ങളുടെ നല്ല ഈശോയെ... ഈ സായാഹ്നത്തിൽ ഞങ്ങൾ അങ്ങയോടു പറയട്ടെ, ഒരുകോടി ജന്മം ഞങ്ങൾക്കീ ഭൂമിയില്‍ തന്നാലും ഞങ്ങൾ അങ്ങയുടെ സ്തുതികള്‍ ആലപിക്കും.
കരുണയുടെ സാഗരമായ ഈശോയെ... അങ്ങയില്‍ മാത്രം ഞങ്ങൾ ആശ്വാസം കണ്ടെത്തട്ടെ. ഈശോയെ അങ്ങയെ മതി ഞങ്ങൾക്ക്, അങ്ങയുടെ കൃപ മതി ഞങ്ങൾക്ക്.
ജീവിത യാത്രയില്‍ ഭാരങ്ങള്‍ ഏറുമ്പോള്‍, ഞങ്ങൾ തളരാതെ ഓടുവാന്‍, ഞങ്ങൾക്ക് അങ്ങയുടെ കൃപ നല്കണമേ.
പാപത്തെ വെറുക്കാനും പ്രലോഭനങ്ങളെ ചെറുക്കുവാനും അങ്ങയുടെ കൃപ ഞങ്ങൾക്ക് നല്കണമേ.
ഞങ്ങൾക്ക് വിശുദ്ധിയില്‍ വളരുവാനും വിശ്വാസം കാത്തു സൂക്ഷിക്കുവാനും അങ്ങയുടെ കൃപ നല്കണമേ ഈശോയെ...
ഈശോയെ കുരിശിലെ അങ്ങയുടെ ത്യാഗത്തെ ഓരോ നിമിഷവും ഓര്‍ത്തുകൊണ്ട് ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ അവരെ സഹായിക്കുവാനും ഞങ്ങൾക്ക് സഹായം എത്തിച്ചുകൊടുക്കുവാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഞങ്ങൾക്ക് സാധിക്കട്ടെ. പരിശുദ്ധ അമ്മേ സ്നേഹത്തിനു ജന്മം നല്‍കിയ അമ്മേ ഞങ്ങൾക്കായി ഈശോയോട് പ്രാര്‍ത്ഥിക്കണമേ... ആമേൻ