ഉറങ്ങും മുൻപ്.........ക്ഷമാശീലനു കുറച്ചു കാലത്തേക്കു മാത്രമേ സഹിക്കേണ്ടിവരൂ. അതു കഴിഞ്ഞാല്‍ അവന്റെ മുമ്പില്‍ സന്തോഷം പൊട്ടിവിടരും.
ക്ഷമിക്കുവാൻ ഞങ്ങളെ പഠിപ്പിച്ച സമാധാനത്തിന്റെ രാജാവായ ഈശോ മിശിഹായെ... ഞങ്ങൾക്ക് ചുറ്റിലും സംഭവിക്കുന്ന അക്രമങ്ങളും അരാജകത്വവും വിമോചിക്കുവാൻ അവിടുന്ന് വരേണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ ഐക്യവും സ്നേഹവും പുനസ്ഥാപിക്കണമേ. നഷ്ടപ്പെട്ടുപോകുന്ന ജീവിതമൂല്യങ്ങൾ ഞങ്ങൾക്ക് തിരിച്ചുകിട്ടുവാൻ കരുണ ചൊരിയണമേ. ഈശോയെന്ന നാമം വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാ സഹോദരങ്ങളെയും അങ്ങ് കാണാതെ പോകരുതെ. സ്വപ്നങ്ങൾ നഷ്ടപ്പെട്ട് നിരാശയിൽ കഴിയുന്നവർക്ക് ആശ്വാസം നൽകുവാൻ തിരുമനസാകണമേ. അനാഥരെയും ദരിദ്രരെയും പരിപാലിക്കുവാൻ സ്നേഹം നിറച്ച് ശക്തീകരിക്കുവാൻ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ദൈവമേ അവിടുന്ന് കൂടെയുണ്ടെന്ന പ്രത്യാശയിൽ മാത്രമാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങളെ ഒരുനാളും കൈവിടല്ലേയെന്ന് യാചിക്കുന്നു. പാപത്തിന്റെ വഴികളിൽ നിന്ന് അകന്നുമാറി സ്വർഗ്ഗീയവഴിയിൽ ചരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. അസ്വസ്ഥപ്പെടുത്തുന്ന വിശ്വാസസമൂഹങ്ങളെ പരിശുദ്ധാൽമാവിനാൽ ദിവ്യവെളിച്ചം നൽകി പ്രകാശിപ്പിക്കണമേ. മറ്റുള്ളവരെ ആദരിക്കുവാനും പരസ്പരം സഹായിക്കുവാനുമുള്ള നല്ല മനസ് എല്ലാ മനുഷ്യർക്കും ഉണ്ടാകുമാറാകട്ടെ... വിശുദ്ധ കുരിശിന്റെ സംരക്ഷണത്തിൽ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ... ആമേൻ