ഇറങ്ങുംമുമ്പ് ബസ് എടുത്തു, വീണത് ചോദിച്ചപ്പോള്‍ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പരാതി
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര മാമൂട് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ വയോധികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി. പെരിനാട് സ്വദേശിയായ അപ്പുക്കുട്ടന്‍പിള്ളയെ ഡ്രൈവര്‍ ചെരുപ്പൂരി അടിക്കാന്‍ ശ്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് പരാതി.
ബുധനാഴ്ച ഭാര്യ രാധമ്മയ്‌ക്കൊപ്പം കൊട്ടാരക്കരയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു അപ്പുക്കുട്ടന്‍പിള്ള. മാമൂട് ജംഗ്ഷനില്‍ എത്തി രാധമ്മ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവര്‍ വാഹനം പെട്ടെന്ന് മുന്നോട്ട് എടുത്തു. ഇതോടെ നിയന്ത്രണം വിട്ട രാധമ്മ റോഡിലേക്ക് വീണു.
ഭാര്യ അപകടത്തില്‍പ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഡ്രൈവര്‍ അപ്പുക്കുട്ടന്‍പിള്ളയ്ക്ക് നേരെ തിരിയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് അപ്പുക്കുട്ടന്‍പിള്ള പരാതി നല്‍കിയത്.