വന്ദേഭാരത് കോച്ചില്‍ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; 14 ഓളം യാത്രക്കാര്‍ക്ക് പരിക്ക്, ചില യാത്രക്കാര്‍ കോച്ചിലെ ശുചിമുറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തേനീച്ചയുടെ കുത്തേറ്റു
ഖജുരാഹോ: മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ അ2 കോച്ചിലേക്ക് തേനീച്ചക്കൂട്ടം ഇരച്ചുകയറി 14 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. ചില യാത്രക്കാര്‍ കോച്ചിലെ ശുചിമുറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തേനീച്ചയുടെ കുത്തേറ്റു.
ഖജുരാഹോ റെയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്ലാറ്റ്‌ഫോമിലെ തേനീച്ചക്കൂട് ഇളകിയതിനെ തുടര്‍ന്നാണ് സംഭവം. 22469 നമ്പര്‍ ട്രെയിന്‍ ഖജുരാഹോയില്‍ നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു.
ട്രെയിനില്‍ കയറാന്‍ കാത്തുനിന്ന യാത്രക്കാരെ പ്രകോപിതരായ തേനീച്ചകള്‍ ആക്രമിച്ചു. തുടര്‍ന്ന് ആളുകള്‍ രക്ഷപ്പെടാന്‍ അകത്തേക്ക് ഓടിയപ്പോള്‍ കോച്ചിനുള്ളിലും കയറി.
ആളുകള്‍ സ്വയം രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോച്ചിനുള്ളില്‍ സ്ഥിതിഗതികള്‍ കുഴപ്പത്തിലായതായി യാത്രക്കാരായ ബ്രിജേഷ് ശര്‍മയും ലോകേഷ് ശര്‍മയും പറഞ്ഞു. പലരും ബെഡ്ഷീറ്റുകളും മറ്റ് വസ്തുക്കളും കൊണ്ട് മുഖം മറച്ചിരുന്നു. കുത്തേറ്റതിനെ തുടര്‍ന്ന് ചിലരുടെ കണ്ണുകള്‍, കവിള്‍, കഴുത്ത്, മുഖം എന്നിവിടങ്ങളില്‍ വീക്കം അനുഭവപ്പെട്ടു. ഒരു വൃദ്ധയുടെ നില വഷളായതായും റിപ്പോര്‍ട്ടുണ്ട്.
തേനീച്ചകള്‍ കൂട്ടമായി എത്തിയപ്പോഴേക്കും ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും നീങ്ങിത്തുടങ്ങിയിരുന്നു. യാത്രക്കാര്‍ ട്രെയിന്‍ ജീവനക്കാരുടെ സഹായം തേടിയെങ്കിലും കാര്യമായ സഹായം നല്‍കാന്‍ കഴിഞ്ഞില്ല. ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ സ്റ്റേഷനില്‍ വൈദ്യസഹായങ്ങള്‍ ഒരുക്കിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ പരിക്കേറ്റ എല്ലാവര്‍ക്കും ചികിത്സ ലഭിക്കാന്‍ ആവശ്യമായ സമയം ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നില്ല.
ഞായറാഴ്ച രാത്രി വൈകി ട്രെയിന്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ പരിക്കേറ്റവരെ പരിശോധിച്ച് ചികിത്സ നല്‍കി. ഗ്വാളിയോറിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും ക്രമീകരണങ്ങള്‍ ചെയ്തു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ ഝാന്‍സി ഡിവിഷന്‍ വക്താവ് മനോജ് കുമാര്‍ സിംഗ് പറഞ്ഞു.